
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മയ്‌ക്ക് സെഞ്ചുറി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ശുഭ്‌മന്‍ ഗില്‍ മുംബൈയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
തിലക് വര്‍മയുടെ സെഞ്ചുറി (45 പന്തില്‍ ഏഴ് സിക്‌സറും എട്ട് ഫോറുമടക്കം പുറത്താകാതെ 101) മികവില്‍ മുംബൈ അഞ്ച് വിക്കറ്റിന് 199 റണ്ണെടുത്തു. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാറ്റിങ്ങിനിറങ്ങിയ മുബൈ തുടക്കത്തില്‍ തന്നെ പതറി. പവര്‍പ്ലേയില്‍ തന്നെ ടീമിന് മൂന്നുവിക്കറ്റുകള്‍ നഷ്‌ടമായി. അരങ്ങേറ്റം കുറിച്ച ഓപ്പണര്‍ ഡാനിഷ് മലേവാര്‍ (രണ്ട്) കാഗിസോ റബാഡയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ (11 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 13) റബാഡ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെയും (10 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 15) റബാഡ പുറത്താക്കി. അതോടെ ടീം മൂന്നിന് 44 എന്ന നിലയിലായി. നാലാം വിക്കറ്റില്‍ നമന്‍ ധിറും (32 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 45) തിലക് വര്‍മയും ചേര്‍ന്ന കൂട്ടുകെട്ടാണ് ടീമിന് ആശ്വാസമായത്. ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും മുംബൈയെ കരകയറ്റി. പത്തോവറില്‍ സ്‌കോര്‍ 75 ലെത്തിച്ചു. ടീം സ്‌കോര്‍ 96 ല്‍ നില്‍ക്കേ നമാന്‍ പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. ശേഷം തിലകും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് (16 പന്തില്‍ 15) ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. 33 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച് തിലക് ഒറ്റയാള്‍ പോരാട്ടം നടത്തി. 17-ാം ഓവര്‍ അവസാനിക്കുമ്പോള്‍ മുംബൈ നാലിന് 141 എന്ന നിലയിലായിരുന്നു. 18-ാം ഓവര്‍ എറിഞ്ഞ അശോക് ശര്‍മയെ തിലക് മൂന്ന് തവണ അതിര്‍ത്തി കടത്തി. ആ ഓവറില്‍ 26 റണ്‍ പിറന്നു. അവസാന ഓവറുകളില്‍ കത്തിക്കയറിയ തിലക് ടീമിനെ 199 റണ്ണിലെത്തിച്ചു.
പ്രസിദ്ധ കൃഷ്‌ണ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്ണാണ് മുംബൈ അടിച്ചെടുത്തത്. അവസാന പന്തില്‍ ഫോറടിച്ച തിലക് സെഞ്ചുറിയും തികച്ചു. ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റെടുത്തു.





