
മുംബൈ: ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണെങ്കിലും ജസ്പ്രീത് ബുംറെ ആദ്യ ഓവര്‍ എറിഞ്ഞാല്‍ ശരിയാകില്ലെന്ന മൂംബൈ ഇന്ത്യന്‍സിന്റെ അന്ധവിശ്വാസം മാറി. ഐപിഎല്‍ 2026 സീസണില്‍ ആദ്യമായി ആദ്യ ഓവര്‍ ബുംറെ എറിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ തേടി വിജയം വന്നു. കഴിഞ്ഞ ആറു മത്സരത്തിലും ഒരുവിക്കറ്റ് പോലും വീഴ്ത്താനാകാതെ ലോകോത്തര ബൗളര്‍ വിഷമിച്ചിരുന്നു.
വ്യാപകമായി വിമര്‍ശനം ഉയരുകയും താരം തന്നെ അതിന്റെ നിരാശ നേരിടുന്നതും കഴിഞ്ഞ മത്സരത്തിലെ പതിവ് കാഴ്ചയായിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കഴിഞ്ഞ മത്സരത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത ബുംറ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. ന്യൂബോള്‍ എടുത്ത ബൂംറെയുടെ ആദ്യപന്തില്‍ ബാറ്റ് വെച്ച ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ ക്രിഷ് ഭഗത്തിന്റെ കയ്യില്‍ എത്തി.
ജസ്പ്രീത് ബുംറയെക്കൊണ്ട് ആദ്യ ഓവര്‍ എറിയിക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം അവര്‍ക്ക് ഏറെ നിര്‍ണ്ണായകമായി മാറിയെന്ന് വേണം കരുതാന്‍. 2026 ഐപിഎല്ലിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ദീപക് ചഹാറോ ട്രെന്റ് ബോള്‍ട്ടോ ആണ് മുംബൈയ്ക്ക് വേണ്ടി ആദ്യ ഓവര്‍ എറിഞ്ഞത്. ആ അഞ്ച് കളിയില്‍ ഒന്നില്‍ മാത്രമാണ് മുംബൈ ജയിച്ചത്. എന്നാല്‍ ഗുജറാത്തിനെതിരെ 2022-ന് ശേഷം ആദ്യമായി ബുംറ ആദ്യ ഓവര്‍ എറിഞ്ഞു. ആദ്യ പന്തില്‍ തന്നെ സായ് സുദര്‍ശന്റെ വിക്കറ്റ് വീഴ്ത്തി ബുംറ വരവറിയിക്കുകയും ചെയ്തു.
മത്സരത്തില്‍ തിലക് വര്‍മ്മ ആദ്യ സെഞ്ച്വറി നേടിയതും ടീമിന് ഗുണമായി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 99 റണ്‍സിന്റെ വമ്പന്‍ ജയമാണ് നേടിയത്. വരും മത്സരങ്ങളിലും ബൂംറെ ആദ്യ ഓവര്‍ പന്തെറിയാന്‍ എത്തുമെന്നാണ് കരുതുന്നത്. ആദ്യപന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ബുംറേയേക്കാള്‍ പക്ഷേ തിളങ്ങിയത് അശ്വിനി കുമാറായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റായിരുന്നു അശ്വിനി കുമാര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനായി തിലക് വര്‍മ്മ 101 റണ്‍സ് എടുത്തു. 45 പന്തിലായിരുന്നു തിലകിന്റെ സെഞ്ച്വറി.





