മ്യൂണിക്ക്: ജര്‍മനിയിലെ ബുണ്ടസ് ലിഗ ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്ക് കിരീടം നിലനിര്‍ത്തി. സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ സ്‌റ്റുട്ട്‌ഗാര്‍ട്ടിനെ 4-2 നു തോല്‍പ്പിച്ചതോടെയാണു ബയേണ്‍ 35-ാം ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കിയത്‌്. നാല് മത്സരങ്ങള്‍ ശേഷിക്കേയാണു ബയേണ്‍ ഒരു വട്ടം കൂടി ജര്‍മന്‍ വമ്പനായത്. കോച്ച് വിന്‍സെന്റ് കോംപാനി തുടരന്‍ കിരീടവും ഉറപ്പിച്ചു.
സീസണില്‍ ഒരു മത്സരം മാത്രമാണു ബയേണ്‍ തോറ്റത്‌്. ബയേണിന് കിരീടം ഉറപ്പിക്കാന്‍ ഒരു പോയിന്റ് മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്. ശനിയാഴ്‌ച വൈകി നടന്ന പ്രധാന എതിരാളി ബോറുസിയ ഡോര്‍ട്ട്‌മുണ്ട് ഹോഫന്‍ഹൈമിനോട് തോറ്റതോടെ ബയേണിന്റെ കിരീടം ഏറെക്കുറെ ഉറപ്പായി. സ്‌റ്റുട്ട്‌ഗാര്‍ട്ടിനെനതിരേ ബയേണിനു കാര്യങ്ങള്‍ എളുപ്പമായില്ല. 21-ാം മിനിറ്റില്‍ ക്രിസ് ഫ്യൂറിച്ച് നേടിയ തകര്‍പ്പന്‍ ഗോളിലൂടെ ബയേണിന്റെ ആഘോഷങ്ങള്‍ വൈകിപ്പിച്ചു.
31-ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്‌റോയിലൂടെ ബയേണ്‍ തിരിച്ചടിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ നിക്കോളാസ് ജാക്‌സണ്‍ ബയേണിനെ മുന്നിലെത്തിച്ചു. 36-ാം മിനിറ്റില്‍ അല്‍ഫോന്‍സോ ഡേവിസ് മൂന്നാം ഗോളടിച്ചതോടെ ഒന്നാം പകുതിയില്‍ തന്നെ ബയേണ്‍ മേധാവിത്വം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ഹാരി കെയ്‌ന്‍, സീസണിലെ തന്റെ 32-ാം ഗോളടിച്ച് ലീഡ് നാലാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ (88ാം മിനിറ്റ്) ചെമ ആന്‍ഡ്രസ് സ്‌റ്റുട്ട്‌ഗാര്‍ട്ടിനായി ഒരു ഗോള്‍ കൂടി മടക്കി. 14 സീസണുകള്‍ക്കിടയിലെ ബയേണിന്റെ 13-ാം കിരീടമാണിത്. ട്രിപ്പിള്‍ കിരീട നേട്ടത്തിലേക്കുള്ള ബയേണിന്റെ പ്രയാണം തുടരുകയാണ്.
ഡി.എഫ്.ബി. പോകല്‍ സെമി ഫൈനലില്‍ ബയേണ്‍ ലെവര്‍കൂസനുമായും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പാരീസ് സെയിന്റ് ജെര്‍മെയ്‌നുമായും ബയേണ്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. യൂറോപ്യന്‍ ലീഗ് സീസണില്‍ ബയേണ്‍ ഒരുപിടി നേട്ടങ്ങളും കുറിച്ചു. ബയേണ്‍ ഇതുവരെ 109 ഗോളുകളടിച്ചു. 18,464 തവണയാണു പാസുകള്‍ പൂര്‍ത്തിയാക്കിയത്‌്. ത്രോ ബോളുകളിലും (64) അവര്‍ മുന്നിലാണ്. 2024-25 സീസണിലാണു കോംപാനി ആദ്യമായി ബയേണിനെ ജേതാക്കളാക്കുന്നത്‌്. ബേണ്‍ലിയെ 2022-23 സീസണിലെ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാക്കിയ ശേഷമാണു കോംപാനി ജര്‍മനിയിലെത്തുന്നത്. ബയേണ്‍ ലവര്‍കൂസനെ 2023-24 സീസണിലെ ലീഗ് ചാമ്പ്യന്‍മാരാക്കി. ബയേണ്‍ ബുണ്ടസ് ലിഗ കിരീടം കൈവിട്ട സീസണായിരുന്നു അത്. ഈ സീസണില്‍ 30 കളികളില്‍നിന്ന് 79 പോയിന്റാണു ബയേണ്‍ നേടിയത്. രണ്ടാം സ്‌ഥാനത്തുള്ള ബോറുസിയ ഡോര്‍ട്ട്‌മുണ്ടിന് 64 പോയിന്റാണ്. മൂന്നാം സ്‌ഥാനത്തുള്ള ആര്‍.ബി. ലീപ്‌സിങിന് 59 പോയിന്റാണ്. സ്‌റ്റുട്ട്‌ഗാര്‍ട്ട് 56 പോയിന്റുമായി നാലാം സ്‌ഥാനത്തുണ്ട്.





