
നമ്മുടെ വയറിനുള്ളിലെ ആന്തരിക അവയവങ്ങളെ (കരള്‍, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയവ) ചുറ്റിപ്പറ്റി അടിഞ്ഞുകൂടുന്ന അപകടകാരിയായ കൊഴുപ്പാണ് വിസറല്‍ ഫാറ്റ് (Visceral Fat). സാധാരണയായി ചര്‍മ്മത്തിന് തൊട്ടുതാഴെ കാണുന്ന കൊഴുപ്പിനെക്കാള്‍ (Subcutaneous fat) ഇത് ആരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നു. ഇത് നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക് ചുറ്റും കാണപ്പെടുന്നു. ഇത് ശരീരത്തില്‍ വീക്കം (Inflammation) ഉണ്ടാക്കുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പ്രശസ്ത ലോഞ്ചെവിറ്റി വിദഗ്ധന്‍ ഡോ. വാസിലി എലിയോപൗലോസ് നിര്‍ദ്ദേശിക്കുന്ന അഞ്ച് പ്രധാന ഭക്ഷണങ്ങള്‍ ഇവയാണ്....
1. കൊഴുപ്പുള്ള മത്സ്യങ്ങള്‍ (Fatty Fish) - ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ (EPA, DHA) സമ്പന്നമാണ് സാല്‍മണ്‍, മത്തി, അയില തുടങ്ങിയവ. ശരീരത്തിലെ വീക്കം കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കഴിക്കുന്നതിലൂടെ ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിന് പകരം പേശികള്‍ക്ക് ഊര്‍ജ്ജമായി മാറുന്നു. ആഴ്ചയില്‍ 2-3 തവണ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
2. വാള്‍നട്ട് (Walnuts) - വാള്‍നട്ടിലെ പോളിഫെനോളുകളും ആല്‍ഫ-ലിനോലെനിക് ആസിഡും പ്രത്യേക ഗുണമുള്ളവയാണ്. വാള്‍നട്ടിലെ പോളിഫെനോളുകള്‍ ദഹനപ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയുന്ന സംയുക്തങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ദിവസം 28 ഗ്രാം വീതം കഴിക്കുക.
3. ബെറി പഴങ്ങള്‍ (Berries) - ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവ ആന്തോസയാനിനുകളാല്‍ സമ്പന്നമാണ്. ഇവ കൊഴുപ്പ് എരിച്ചുകളയാന്‍ സഹായിക്കുന്ന ജീനുകളെ ഉത്തേജിപ്പിക്കുകയും ഇന്‍സുലിന്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യുന്നു. ദിവസം 100 മുതല്‍ 150 ഗ്രാം വരെ കഴിക്കുക.
4. എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ (Extra Virgin Olive Oil) - ഇതിലെ ഒലിയോകാന്തല്‍, ഒലെയിക് ആസിഡ് എന്നിവ വളരെ ഗുണകരമാണ്. ഇത് കോശങ്ങളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത നേരിട്ട് മെച്ചപ്പെടുത്തുന്നു. കനോല ഓയില്‍, വെജിറ്റബിള്‍ ഓയില്‍ തുടങ്ങിയ സീഡ് ഓയിലുകള്‍ക്ക് പകരമായി ഇത് ഉപയോഗിക്കുക. ദിവസം 2 മുതല്‍ 4 ടേബിള്‍സ്പൂണ്‍ വരെ കഴിയ്ക്കാം.
5. ഗ്രീന്‍ ടീ (Green Tea) - ഇതിലടങ്ങിയിരിക്കുന്ന EGCG എന്ന സംയുക്തം കൊഴുപ്പ് ഓക്‌സിഡേഷന്‍ വേഗത്തിലാക്കുന്നു. വ്യായാമത്തോടൊപ്പം ഗ്രീന്‍ ടീ കൂടി ശീലമാക്കുന്നത് വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. ദിവസം 3-4 കപ്പ് വീതം കഴിയ്ക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്നവ പൂര്‍ണ്ണമായും ഒഴിവാക്കണം:
* സീഡ് ഓയിലുകള്‍ (സസ്യ എണ്ണകള്‍)
* ശുദ്ധീകരിച്ച പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും (Refined Sugar & Carbs)
* മദ്യം
* അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ (പാക്കറ്റ് ഭക്ഷണങ്ങള്‍)






