
മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന വാഹനമാണ് യമഹയുടെ റേ ZR. സൈലന്റായ, മൈലേജുള്ള എഞ്ചിനും ആകര്‍ഷകമായ ഡിസൈനിലുമാണ് യമഹ റേ ZR എത്തുന്നത്. 2026 മാര്‍ച്ച് മാസത്തില്‍ യമഹയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നായി ഇത് മാറുകയും ചെയ്തു. കഴിഞ്ഞ മാസം സ്‌കൂട്ടറിന്റെ 25,798 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. അതായത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 77.79 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയിലുണ്ടായിരിക്കുന്നത്.
2025 മാര്‍ച്ചില്‍ യമഹ റേ ZR സ്‌കൂട്ടറിന്റെ 14,510 യൂണിറ്റുകളായിരുന്നു നിരത്തിലെത്തിയത്. 11,288 യൂണിറ്റുകള്‍ അധികമായി വില്‍ക്കാന്‍ യമഹയ്ക്ക് സാധിച്ചു. അടുത്തിടെ മോഡലിന്റെ വില കൂട്ടിയെങ്കിലും വില്‍പ്പനയെ ഇത് നേരിട്ട് ബാധിക്കാന്‍ ഇടയില്ല. എല്ലാ വേരിയന്റുകള്‍ക്കും ഏകദേശം 660 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ഡ്രം, ഡിസ്‌ക്, ഡിസ്‌ക് ഡീലക്സ് വേരിയന്റുകള്‍ക്കും സ്ട്രീറ്റ് റാലി മോഡലിനും ഈ വില വര്‍ധനവ് ബാധകമാകും. ഇതോടെ റേZR 125 Fi ഹൈബ്രിഡ് മോഡലിന്റെ വില 77,360 രൂപ മുതല്‍ 83,860 രൂപ വരെയായി. യമഹ റേ ZR സ്ട്രീറ്റ് റാലി മോഡലിന്റെ പുതിയ എക്‌സ്‌ഷോറൂം വില 87,560 രൂപയായിരിക്കും. ഹൈബ്രിഡ് സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചെങ്കിലും സ്‌കൂട്ടറിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ മെക്കാനിക്കല്‍ വശങ്ങളിലോ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
E20 പെട്രോളുമായി പൊരുത്തപ്പെടുന്ന 125 സിസി ഫ്യുവല്‍ ഇന്‍ജെക്റ്റഡ് എഞ്ചിനാണ് യമഹ റേ 125 സിസി സ്‌കൂട്ടറിന് തുടിപ്പേകുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8 bhp പവറില്‍ പരമാവധി 10.3 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഹൈ പെര്‍ഫോമന്‍സായിട്ടുള്ള ബാറ്ററി ഉപയോഗിച്ച് മികച്ച ടോര്‍ക്ക് നല്‍കുന്നതിനായി എന്‍ഹാന്‍സ്ഡ് പവര്‍ അസിസ്റ്റ് ഫംഗ്ഷന്‍, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ജനറേറ്ററും സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും എഞ്ചിനൊപ്പം ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. ഭാരം വഹിച്ച് കയറ്റം കയറുമ്പോഴും മറ്റും ആക്സിലറേഷനും മെച്ചപ്പെടുത്താന്‍ എന്‍ഹാന്‍സ്ഡ് പവര്‍ അസിസ്റ്റ് ഫംഗ്ഷന്‍ റേയുടെ 2025 മോഡലിലാണ് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. സൈലന്റ് സ്റ്റാര്‍ട്ടപ്പിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററും ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്.
10 വര്‍ഷത്തെ വാറണ്ടിയാണ് യമഹ തങ്ങളുടെ ഹൈബ്രിഡ് സ്‌കൂട്ടറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 8 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗിള്‍ മാപ്പുമായി ഇന്റഗ്രേറ്റ് ചെയ്ത ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന TFT ഡിജിറ്റല്‍ കണ്‍സോള്‍, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സൈഡ്-സ്റ്റാന്‍ഡ് കട്ട്-ഓഫ് ഫംഗ്ഷന്‍, ആന്‍സര്‍ ബാക്ക് ഫംഗ്ഷന്‍, 21 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് എന്നിവയാണ് റേയിലെ പ്രധാന ഫീച്ചറുകള്‍.






