
ബാലതാരങ്ങളായി എത്തി പ്രേക്ഷകപ്രീതി നേടിയ ഒരുപാട് താരങ്ങളുണ്ട്. അവരില്‍ ചിലരൊക്കെ സിനിമാ- സീരിയലുകളില്‍ തുടരുകയും മറ്റു ചിലര്‍ തങ്ങളുടെ കരിയര്‍ മറ്റൊന്നിലേക്ക് തിരിച്ചു വിടുകയും ചെയ്യും. അക്കൂട്ടത്തില്‍ മലയാള സിനിമാപ്രേക്ഷകരുടെ ഇടയിലേക്ക് എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ബാലതാരങ്ങളാണ് ഗോപിക അനിലും കീര്‍ത്തന അനിലും.
ബാലതാരമായി എത്തിയ ഗോപിക പിന്നീട് ഡോക്ടറാകുകയും അതിനു ശേഷം സീരിയലിലേക്ക് തിരിച്ചെത്തുകയും ചെയ്തു. സാന്ത്വനം സീരിയലിലെ അഞ്ജലിയായി ഹൃദയം കീഴടക്കാന്‍ ഗോപികയ്ക്ക് കഴിച്ചു. അതുപോലെ തന്നെ ബാലേട്ടൻ, സദാനന്ദന്റെ സമയം, വേഷം തുടങ്ങിയ സിനിമകളില്‍ നിറഞ്ഞു നിന്ന ബാലതാരം കീര്‍ത്തന പിന്നീട് ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും കീർത്തന പ്രവർത്തിച്ചിട്ടുണ്ട്.
ഗോപികയെ വിവാഹം ചെയ്തത് മലയാളികളുടെ പ്രിയ അവതാരകനും അന്യഭാഷകളിലടക്കം തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന ഗോവിന്ദ് പത്മസൂര്യയുമാണ്. ജിപി എന്ന ഗോവിന്ദ് പത്മസൂര്യ കീര്‍ത്തനയ്ക്ക് സ്വന്തം സഹോദരന് തുല്യമാണ്. പല ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും പ്രേക്ഷകരത് മനസ്സിലാക്കിയിട്ടുമുണ്ട്.
ഇപ്പോഴിതാ കീർത്തനയുടെ ജന്മദിനത്തിൽ കിടിലന്‍ ആശംസകൾ നേർന്ന് ഗോവിന്ദ് പത്മസൂര്യ പങ്കുവച്ച ആശംസകുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ചെല്ലുന്നിടത്തെല്ലാം പ്രത്യേക എനർജിയായി കീര്‍ത്തന മാറുമെന്നും ജന്മദിനാശംസകൾ മിട്ടായി എന്നുമാണ് ജിപി കുറിച്ചിരിക്കുന്നത്.
‘‘2 സെക്കൻഡിനുള്ളിൽ നീ കരയും...3 സെക്കൻഡിനുള്ളിൽ ചിരിക്കും...പിന്നെ 5 സെക്കൻഡ് കഴിയുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ ഡാൻസ് കളിക്കാനും തുടങ്ങും. നിന്റെ ഈ വട്ടുകളൊക്കെ എപ്പോഴോ ഞങ്ങളുടെ നോർമൽ ജീവിതത്തിന്റെ ഭാഗമായി മാറി, അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ ഇതൊന്നും ചോദ്യം ചെയ്യാറില്ല. ഞങ്ങൾ അങ്ങ് അഡ്ജസ്റ്റ് ചെയ്തു പോവുകയാണ്... ഈ നാടകങ്ങൾക്കും ബഹളങ്ങൾക്കും ചിരിക്കും കരച്ചിലിനും ഇടയിൽ... ചെല്ലുന്നിടത്തെല്ലാം പ്രത്യേക എനർജിയായി നീ മാറുന്നു... എപ്പോഴത്തെയും പോലെ ഇനിയും ഇത്രയും ‘നോർമൽ’ ആയി തന്നെ ഇരിക്കാൻ നോക്ക്. ജന്മദിനാശംസകൾ മിട്ടായി...’’ എന്നാണ് കീര്ത്തനയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കിട്ട് ജിപി കുറിച്ചത്. ‘താങ്ക്യൂ ഉണ്ട് ട്ടോ’ എന്നാണ് കീര്‍ത്തന ഈ പോസ്റ്റിന് നല്കിയ മറുപടി.






