
ഭാഗ്യം കൊണ്ടും മികച്ച പിന്തുണ കൊണ്ടും താരറാണിയായി മാറിയ അഭിനേത്രിയാണ് ആലിയ ഭട്ട്. ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് സഹതാരമായും നായികയായും തിളങ്ങുകയായിരുന്നു. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയായിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റം. മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കൂടി സിനിമാപാരമ്പര്യമുള്ള കുടുംബവും ബാക്ക് സപ്പോര്‍ട്ടുമാണ് ഇത്രയെളുപ്പം ആലിയ കരിയറില്‍ വളരാനുള്ള കാരണം. കപൂര്‍ കുടുംബത്തിന്റെ മരുമകളായി രണ്‍ബീര്‍ കപൂറിന്റെ ഭാര്യയായി എത്തിയതോടു കൂടി ബോളിവുഡിന്റെ താരറാണിമാരില്‍ മുന്‍പന്തിയിലായി ആലിയ. എന്തും തനിക്ക് ഇണങ്ങുമെന്ന് ഒരു അമിത ശുഭാപ്തിവിശ്വാസവും ആലിയയ്ക്ക് അക്കൂട്ടത്തില്‍ വന്നിട്ടുണ്ട്.
ഈയടുത്ത് മുംബൈയിൽ നടന്ന ചേതക് സ്ക്രീൻ അവാര്‍ഡ്സ് 2026ൽ അവതാരകയായി എത്തിയ ആലിയയ്ക്ക് അമിതമായ ശുഭാപ്തി വിശ്വാസം വലിയ തിരിച്ചടിയായി മാറിയിരുന്നു. ആലിയയുടെ അവതരണത്തിനും വാചകകസര്‍ത്തുകള്‍ക്കും വലിയ രീതിയിലുള്ള പരിഹാസങ്ങളും നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാകുന്നത് അവതാരക ആലിയ ഭട്ടും റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിത അംബാനിയും തമ്മിലുള്ള ചെറിയൊരു സംഭാഷണമാണ്. മികച്ച നടനുള്ള പുരസ്കാരം പ്രഖ്യാപിക്കാൻ ആലിയ നിതയെ വേദിയിലേക്ക് വിളിച്ചത് ആലിയയായിരുന്നു. എല്ലാവരും ബഹുമാനത്തോടെ നിത മാം എന്ന് വിളിക്കുമ്പോള്‍ ആലിയ അമിത സ്വാതന്ത്ര്യം കാട്ടി ‘ഭാബി’ എന്നാണ് നിതയെ വിളിച്ചത്. ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയുമായി താൻ എത്രത്തോളം അടുപ്പത്തിലാണെന്ന് എല്ലാവരെയും കാണിക്കാനാണ് ആലിയ ആഗ്രഹിച്ചത്. എന്നാല്‍ സ്റ്റേജിലെത്തിയ നിത അംബാനി ലളിതമായ ഒരു ‘ഹലോ’ ഉപയോഗിച്ച് ആലിയയ്ക്ക് തന്റെ സ്ഥാനം കാണിച്ചുകൊടുത്തു. തുടര്‍ന്ന് വീണ്ടും ‘ഹലോ ആലിയ’ എന്ന് പറഞ്ഞ് നിത ഒരു ചെറിയ ചിരി ചിരിച്ചു. ആ ചിരിയോടെ തന്നെ ആലിയക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. തൊട്ടടുത്ത നിമഷം ആലിയ ' നിത മാം താങ്ക്യൂ സോ മച്ച്' എന്നു പറഞ്ഞ് തിരുത്തുകയും ചെയ്തു. ആലിയയുടെ മുഖത്തും ആ ഭാവവ്യത്യാസം പ്രകടമായിത്തന്നെ കാണാം. ആ നിമിഷം സ്റ്റേജിലും ചുറ്റുമുള്ളവരും ഒറ്റ നിമിഷം സൈലന്റ് ആയിരുന്നു.
ആലിയയുടെ നാക്കുപിഴയെ ചൊല്ലി സോഷ്യൽമീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. അംബാനി കുടുംബത്തോടുള്ള അടുപ്പമാണ് ആലിയയുടെ വാക്കുകളിൽ പ്രതിഫലിച്ചതാണ്, അത് അറിയാതെ വന്നതാണ് എന്നാണ് പിന്തുണച്ചവര്‍ കുറിച്ചത്. എന്നാല്‍ പ്രതികൂല കമന്റുകളും ട്രോളുകളുമാണ് കൂടുതല്‍. ‘ഭാബി’ എന്ന് വിളിച്ചത് നിതക്ക് ഇഷ്ടപ്പെട്ടില്ല, അതുകൊണ്ടാണ് ഒരു ചിരിയിലൂടെ അത് തിരുത്തിയത്, നിത മുകേഷ് അംബാനിയിൽ നിന്ന് ആലിയ ഭട്ട് ഒരു പാഠം പഠിച്ചു, ആലിയയെ റോസ്റ്റ് ചെയ്ത് നിത അംബാനി...’ എന്നതടക്കമാണ് പ്രതികൂല കമന്റുകള്‍.






