
തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘യൂത്ത്’. നായകനായി കെന്‍ തന്നെയെത്തുന്ന ഈ സിനിമ റിലീസാകും മുമ്പു തന്നെ തരംഗമായി മാറിയതാണ്. റിലീസിനു ശേഷവും ആ പ്രതീക്ഷകളൊന്നും തെറ്റിക്കാതെ തമിഴ് സിനിമാലോകത്ത് വലിയ തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘യൂത്ത്’.
മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19 ന് പ്രദർശനം ആരംഭിച്ച യൂത്ത് വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ കൊച്ചു ചിത്രം ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ കളക്ഷൻ ആണ് സ്വന്തമാക്കിയത്. വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെർറ്റൈനെർ ആണിത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഇപ്പോഴിതാ ഈ സിനിമയെ വാനോളം പുകഴ്ത്തുകയാണ് ‘കാന്താര’യിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഋഷഭ് ഷെട്ടി. പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും കോർത്തിണക്കിയ ചിത്രം എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിക്കാവുന്ന ഹൃദ്യമായ ഒന്നാണെന്ന് ഋഷഭ് ഷെട്ടി കുറിച്ചു. വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് താനിരുന്നതെന്ന് ഋഷഭ് ഷെട്ടി എക്സില്‍ കുറിച്ചു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെ ഋഷഭ് ഷെട്ടി പ്രത്യേകം എടുത്തുപറഞ്ഞു. സുരാജ് വെഞ്ഞാറമൂട്, ദേവദർശിനി എന്നിവർക്കൊപ്പം ചിത്രത്തിലെ സുഹൃദ് സംഘവും സ്ക്രീനിൽ വലിയ സന്തോഷമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് ഞാനിരിക്കുന്നത്. പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും നിറഞ്ഞതാണ് ‘യൂത്ത്’. എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഒരു മനോഹരമായ ആദരവാണിത്.
രചന, സംവിധാനം, അഭിനയം എന്നിവ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നതും അതിൽ ഇത്രത്തോളം സൂക്ഷ്മമായ ആഴം കൊണ്ടുവരികയും ചെയ്തത് തീർച്ചയായും പ്രശംസനീയമാണ്. ഓരോ അഭിനേതാവിനെയും വളരെ സ്വാഭാവികമായാണ് സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സർ, ദേവദർശിനി മാം, പിന്നെ ആ സുഹൃദ് സംഘം എന്നിവരെയെല്ലാം സ്ക്രീനിൽ കാണുന്നത് വലിയൊരു സന്തോഷമായിരുന്നു.
ഈ കാഴ്ചപ്പാടിൽ വിശ്വസിച്ച സംഗീത സംവിധായകൻ ജി.വി പ്രകാശ്, ഡി.ഒ.പി വിക്കി, എഡിറ്റർ നാഷ്, നിർമാതാക്കളായ കെ.സി.ആർ, സുലോചന കുമാർ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. കെൻ കരുണാസ് ഒരുക്കിയ ചിത്രം, യൂത്ത്. സഹോദരാ, നീ സിനിമാലോകത്തിന് ഒരു വലിയ മുതൽക്കൂട്ടായിരിക്കും....’’ റിഷഭ് ഷെട്ടി കുറിച്ചു.
നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ചു നായകനായി എത്തിയ ചിത്രമാണ് ‘യൂത്ത്’. നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഏറ്റുവാങ്ങിയായി ‘യൂത്ത്’ തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 82 കോടി നേടിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. എങ്കിലും ചിത്രം കാണാൻ തിയറ്ററുകളിലേക്ക് ആളുകള്‍ എത്തുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. സ്കൂൾ - കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തിയ ചിത്രം, ഫാമിലി ഫൺ, റൊമാന്റിക് കോമഡി, ഫീൽ ഗുഡ് തുടങ്ങി എല്ലാ രീതിയിലും പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത് തിയേറ്ററുകളില്‍ വൈബായി മാറുകയാണ്.
After a long time, I found myself smiling throughout an entire film. #Youth is filled with love, friendship, and deep emotions — a heartfelt tribute dedicated to all parents.
Single handedly writing, directing and acting with such nuanced depth is truly commendable. Every actor… pic.twitter.com/uaz5NV2Z2u— Rishab Shetty (@shetty_rishab) April 20, 2026






