മാഡ്രിഡ്: മികച്ച കായിക താരത്തിനുള്ള വിഖ്യാതമായ ലോറസ് പുരസ്‌കാരം സ്‌പെയിന്റെ ടെന്നീസ് കളിക്കാരന്‍ കാര്‍ലോസ് അല്‍കാറസിന്. സ്‌പാനിഷ് തലസ്‌ഥാനമായ മാഡ്രിഡില്‍ നടന്ന ചടങ്ങിലാണു ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌്.
2025 സീസണിലെ എ.ടി.പി. ടൂറിലെ പ്രകടനമാണ് അല്‍കാറസിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഫ്രഞ്ച് ഓപ്പണ്‍, യു.എസ്.ഓപ്പണ്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ ഉള്‍പ്പെടെ എട്ട് തവണ ജേതാവായി. ലോക ഒന്നാം നമ്പര്‍ താരമായാണു സീസണ്‍ അവസാനിപ്പിച്ചത്. ഇറ്റലിയുടെ ടെന്നീസ് താരം യാനിക് സിന്നര്‍, ഫുട്‌ബോളര്‍ ഒസുമാനെ ഡെംബലെ, പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസ്, മോട്ടോര്‍ സൈക്ലിസ്‌റ്റ് മാര്‍ക് മാര്‍ക്വേസ്, സൈക്ലിങ് താരം ടാദെജ് പോഗാകാര്‍ എന്നിവരെയാണ് അല്‍കാറസ് മറികടന്നത്.
ടെന്നീസ് ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍ (2005, 2008, 2018), റാഫേല്‍ നദാല്‍ (2011, 2012), നോവാക് ജോക്കോവിച്ച് (2012, 2015, 2016, 2019, 2024) എന്നിവരും ലോറസ് പുരസ്‌കാരം നേടിയവരാണ്. വനിതകളില്‍ ബെലാറസിന്റെ ടെന്നീസ് താരം ആര്യാന സബാലങ്കയാണു മികച്ച താരം. ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നാണു ലോറസ് വേള്‍ഡ് ടീം ഓഫ് ദി ഇയര്‍. 2025 സീസണിലെ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് പി.എസ്.ജിയെ തേടി ഈ നേട്ടമെത്തിയത്. ലൂയിസ് എന്റിക്വയുടെ കീഴില്‍ ആറ് കിരീടങ്ങളാണ് ഫ്രഞ്ച് വമ്പന്മാര്‍ സ്വന്തമാക്കിയത്. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം പി.എസ്.ജി. സ്വന്തമാക്കിയതും കഴിഞ്ഞ സീസണിലായിരുന്നു. ഇറ്റാലിയന്‍ കബ് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചാണ് അവര്‍ കിരീടം നേടിയത്. യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, ലീഗ് വണ്‍ കിരീടം, കൂപെ ഡി ഫ്രാന്‍സ്, ട്രോഫി ഡെസ് ചാമ്പ്യന്‍സ് തുടങ്ങിയ കിരീടങ്ങളും ഫ്രഞ്ച് ക്ലബ് നേടി.
മികച്ച യുവ കായിക താരത്തിനുള്ള അവാര്‍ഡ് ബാഴ്‌സലോണയുടെ സ്‌പാനിഷ് യുവതാരം ലാമിനെ യമാല്‍ സ്വന്തമാക്കി. ആദ്യമായാണു ലോറസില്‍ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസ് വേള്‍ഡ് സ്‌പോര്‍ട്ടിങ് ഇന്‍സ്‌പിരേഷന്‍ അവാര്‍ഡും ജിംനാസ്‌റ്റ് നാദിയ കോമനേച്ചി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും കരസ്‌ഥമാക്കി. വേള്‍ഡ് ആക്ഷന്‍ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ അവാര്‍ഡ് യു.എസിന്റെ സ്‌നോബോര്‍ഡര്‍ ക്ലോ കിമ്മിനും വേള്‍ഡ് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ വിത്ത് എ ഡിസബിലിറ്റി അവാര്‍ഡ് ബ്രസീലിയന്‍ താരം ഗബ്രിയേല്‍ അരാജോക്കും ലഭിച്ചു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും ലോറസ് വേള്‍ഡ് ടീം ഓഫ് ദി ഇയര്‍ പുരസ്‌കാര പട്ടികയിലെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ വനിതാ ഫുട്‌ബോള്‍ ടീം, യൂറോപ്യന്‍ റൈഡര്‍ കപ്പ് ടീം, മക്ലാറന്‍ ഫോര്‍മുല വണ്‍ ടീം, ഒക്ലഹോമ സിറ്റി തണ്ടര്‍ തുടങ്ങിയ ടീമുകളും പട്ടികയില്‍ ഇടംപിടിച്ചു.






