കൊച്ചി: ഐ.എസ്.എല്‍. ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയത്തുടര്‍ച്ച സ്വപ്‌നംകണ്ട് കണ്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്.സിയെ നേരിടും. തുടര്‍ച്ചയായ പരാജയങ്ങളുടെ കയ്‌പ്പുനീര്‍ കുടിച്ചശേഷം കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് മഞ്ഞപ്പട.
കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ജംഷഡ്‌പൂര്‍ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഈ വിജയത്തോടെ 14 ടീമുകളുടെ പോയിന്റ് പട്ടികയില്‍ 13-ാം സ്‌ഥാനത്തു നിന്ന് 11-ാം സ്‌ഥാനത്തേക്ക് ഉയരാന്‍ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞു. മലയാളി താരങ്ങളായ നിഹാല്‍ സുധീഷിന്റെയും(24) വിബിന്‍ മോഹനന്റെയും (23) വകയായിരുന്നു ഗോളുകളെന്നത് ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നിരുന്നു.
പുതിയ കോച്ച് 'ആഷ്‌ലി വെസ്‌റ്റ്വുഡ് ഇഫക്‌റ്റ'് ബ്ലാസേ്‌റ്റഴ്‌സിനെ ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ ഒരു മത്സര ടീമില്‍ നിന്ന് മത്സരക്ഷമതയുള്ള ടീമാക്കി മാറ്റി. ബംഗളൂരു എഫ്.സിയെയും ജാംഷഡ്‌പൂര്‍ എഫ്.സിയെയും അത്ഭുതപ്പെടുത്തുകയും, മഞ്ഞപ്പട മൂന്ന് മത്സരങ്ങളില്‍ അപരാജിത തേരോട്ടം ആസ്വദിക്കുകയുമാണ്. പക്ഷേ ബ്ലാസ്‌റ്റേഴ്‌സ് നില ഇപ്പോഴും പരുങ്ങലിലാണ്. പ്രധാന മിഡ്‌ഫീല്‍ഡര്‍മാരായ ഡാനിഷ് ഫാറൂഖിനും കരിം ബെനാരിഫിനും പരുക്കേറ്റത് ഒഡീഷയ്‌ക്കെതിരേയുള്ള മത്സരത്തില്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കും.രണ്ട് കളിക്കാരുടെയും കാര്യത്തില്‍ മെഡിക്കല്‍ ടീം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അവരുടെ ലഭ്യതയെക്കുറിച്ച് കോച്ച് അമിതമായി ആശങ്കപ്പെടുന്നില്ലെന്നും അസിസ്‌റ്റന്റ് കോച്ച് പീറ്റര്‍ ഹാര്‍ട്ട്‌ലി പറഞ്ഞു.''ഞങ്ങള്‍ക്ക് ഒരു സംവിധാനമുണ്ട്, വരുന്നതും പോകുന്നതുമായ താരങ്ങളുണ്ട്. ടീമിലെ എല്ലാവര്‍ക്കും അവരുടെ പങ്കും ഞങ്ങളുടെ ലക്ഷ്യവും എന്താണെന്ന് അറിയാം'' അദ്ദേഹം പറഞ്ഞു.
ഒഡീഷ എഫ്.സിയില്‍ നിന്നു കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായി ഹാര്‍ട്ട്‌ലി പറഞ്ഞു. ''ഒഡീഷ ഒരു നല്ല ടീമാണ്, അവര്‍ ശരിയായ രീതിയില്‍ ഫുട്‌ബോള്‍ കളിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ പദ്ധതികള്‍ നിലവിലുണ്ട്. ഞങ്ങള്‍ കളിക്കുന്ന ടീമിനെ ആശ്രയിച്ച് ഞങ്ങളുടെ അടിസ്‌ഥാന തത്വങ്ങളും തന്ത്രങ്ങളും മാറുന്നു''- അദ്ദേഹം പറഞ്ഞു.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ അസിസ്‌റ്റന്റ് കോച്ച് ടി.ജി. പുരുഷോത്തമന്റെ കീഴില്‍ ഒഡീഷ സ്‌ഥിരത പുലര്‍ത്തുന്നുണ്ട്.





