ചെന്നൈ: ചെന്നെക്കായി ഇതിഹാസതാരം മഹേന്ദ്രസിങ് ധോണിക്ക് ഇതുവരെ കളത്തിലിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ 'തല'യുടെ തല ടീമില്‍ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചിന്ത.
കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ധോണി പരിശീലനം നടത്തിയിയിരുന്നു. ബാറ്റിങ്, വിക്കറ്റ് കീപ്പിങ് പരിശീലനത്തിലാണ് താരം ഏര്‍പ്പെട്ടത്. മാറ്റ് ഹെന്റി, ജാമി ഓവര്‍ട്ടണ്‍ എന്നിവരെയാണ് ധോനി നെറ്റ്‌സില്‍ നേരിട്ടത്.
ധോണി നെറ്റ്‌സില്‍ കീപ്പിങ് ചെയ്യുന്നത് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ പ്രതികരിച്ചത്. എന്റെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ല. അതിനര്‍ഥം അദ്ദേഹം വിക്കറ്റ് കീപ്പിങ് ഗ്ലൗസ് എടുക്കാന്‍ പോകുന്നു എന്നാണ്, സഞ്‌ജുവിന് പുറത്ത് ഫീല്‍ഡ് ചെയ്യേണ്ടി വരും അല്ലെങ്കില്‍ ഒരു ഇംപാക്‌ട് പ്ലെയര്‍ ആയി വരാം. - അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ പറഞ്ഞു.അതേസമയം പരുക്കുമൂലം യുവബാറ്റര്‍ ആയുഷ് മാത്രെക്ക് ഐ.പി.എല്‍. ക്രിക്കറ്റ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകുന്നത് ചെന്നൈക്ക് തലവേദനയാണ്.
പേശിവലിവുമൂലം താരത്തിന് ആറു മുതല്‍ 12 ആഴ്‌ചവരെ വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. പരുക്കില്‍ വലയുന്ന ചെന്നൈക്ക് ആയുഷിന്റെ പുറത്താകല്‍ കനത്തതിരിച്ചടിയാണ്. ലീഗില്‍ ടീമിന്റെ ടോപ് സ്‌കോററാണ് ആയുഷ്. ആറു കളിയില്‍നിന്ന് 201 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 73 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇടംകൈയന്‍ പേസര്‍ ഖലില്‍ അഹമ്മദ് ഇതിനകം പരിക്കേറ്റ് പുറത്തായിട്ടുണ്ട്. ലീഗ് ആരംഭിക്കുന്നതിന് മുന്‍പുതന്നെ നഥാന്‍ എല്ലിസിനെയും നഷ്‌ടമായി. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന് പരുക്കുമൂലം തുടക്കത്തിലെ മത്സരങ്ങള്‍ നഷ്‌ടമായിരുന്നു.





