റിയാദ്: സൗദി പ്രോ ലീഗില്‍ സുപ്രധാന നീക്കത്തിനൊരുങ്ങി അല്‍നസര്‍. പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുന്നതായാണ് വിവരം.പതിനഞ്ചുകാരനെ ടീമിലെത്തിക്കുക വഴി, ക്രിസ്‌റ്റ്യാനോയേയും മകനേയും ഒരുമിച്ച് കളിപ്പിക്കാന്‍ ക്ലബ്ബ് ലക്ഷ്യമിടുന്നതായി ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ അടുത്ത സീസണില്‍ ഇരുവരും ഒരുമിച്ചുപന്തുതട്ടിയേക്കും.
നിലവില്‍ അല്‍നസറിന്റെ യൂത്ത് ടീമിലാണ് ക്രിസ്‌റ്റ്യാനോ ജൂനിയര്‍ കളിക്കുന്നത്. അവിടെ മിന്നും ഫോമിലാണ് കൗമാരതാരം. അതോടെയാണ് സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളിലേക്ക് ക്ലബ്ബ് കടന്നത്.
ലോകത്തിലെ മികച്ച അക്കാദമികളില്‍ ഇതിനോടകം തന്നെ പതിനഞ്ചുകാരന്‍ പന്തുതട്ടിയിട്ടുണ്ട്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ കളിച്ച മാഞ്ചെസ്‌റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ് ക്ലബ്ബുകളുടെ അക്കാദമികളിലാണ് കൗമാരതാരം കളിച്ചത്.ക്ലബിനായി അച്‌ഛനെ പോലെ മകനും ഗോളടിച്ചുകൂട്ടുകയാണ്. ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം അല്‍നസര്‍ അണ്ടര്‍-15 ടീമിനായി 27 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് കൗമാരതാരം അടിച്ചുകൂട്ടിയത്.
യുവന്റസ് അക്കാദമിയില്‍ കളിക്കുന്ന സമയത്ത് 23 മത്സരങ്ങളില്‍ നിന്ന് 58 ഗോളുകളും താരം നേടിയിട്ടുണ്ട്. ഈ പ്രകടനത്തിന്റെ ബലത്തിലാണ് ക്രിസ്‌റ്റ്യാനോയുടെ മകനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുന്നത് ക്ലബ് ആലോചിക്കുന്നത്. മാത്രമല്ല, മകനൊപ്പം പന്തുതട്ടുന്നതില്‍ ക്രിസ്‌റ്റ്യാനോയ്‌ക്കും താത്‌പര്യമുണ്ട്. വിഷയത്തില്‍ ഈ സീസണിന്റെ അവസാനം ക്ലബ്ബ് തീരുമാനമെടുക്കും.അഞ്ചുവട്ടം ബാലന്‍ദ്യോര്‍ പുരസ്‌കാരജേതാവായ ക്രിസ്‌റ്റ്യാനോ മാഞ്ചെസ്‌റ്റര്‍ യുണൈറ്റഡില്‍നിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. ലോകത്തെ ഞെട്ടിച്ച പ്രതിഫലത്തിലായിരുന്നു താരത്തിന്റെ ചുവടുമാറ്റം. നിലവില്‍ 2027 വരെ താരത്തിന് കരാറുണ്ട്.
അല്‍ നസറുമായുള്ള പുതിയ കരാര്‍ പ്രകാരം ഒരു വര്‍ഷം ക്രിസ്‌റ്റ്യാനോയ്‌ക്ക് 178 മില്ല്യണ്‍ പൗണ്ട് (2000 കോടി രൂപ) ലഭിക്കും. ക്ലബില്‍ 15% ഓഹരിയും താരത്തിനുണ്ട്. ക്രിസ്‌റ്റ്യാനോയുടെ ചുവടുപിടിച്ച് നെയ്‌മര്‍, കരീം ബെന്‍സിമ തുടങ്ങിയ ലോകത്തെ മുന്‍നിര താരങ്ങളും സൗദി പ്രോ ലീഗില്‍ കളിക്കാനെത്തിയിരുന്നു.





