
ലഖ്‌നൗ: ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 160 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി രാജസ്‌ഥാന്‍ റോയല്‍സ്. ഒരുഘട്ടത്തില്‍ 110/6 എന്ന നിലയില്‍ കൂപ്പുകുത്തിയ രാജസ്‌ഥാനെ രവീന്ദ്ര ജഡേജയുടെ അവസരോചിതമായ ബാറ്റിങ്ങാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. താരം 43 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായി. നിശ്‌ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്‌ടത്തില്‍ റണ്‍സെടുത്തു. ലഖ്‌നൗ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞതോടെ റണ്‍സ് കണ്ടെത്താന്‍ രാജസ്‌ഥാന്‍ ബാറ്റര്‍മാര്‍ വിയര്‍ത്തു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്‌ഥാന്റെ സ്‌കോര്‍ മൂന്നാം ഓവറില്‍ 30 കടന്നെങ്കിലും പിന്നീട് തകര്‍ച്ച നേരിട്ടു. യശസ്വി ജയ്‌സ്വാള്‍ 12 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. പിന്നാലെ ധ്രുവ് ജുറെല്‍(0), വൈഭവ് സൂര്യവംശി(8) എന്നിവരും മടങ്ങി. അതോടെ ടീം 32-3 എന്ന നിലയിലായി. നാലാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ റിയാന്‍ പരാഗും ഷിമ്രോണ്‍ ഹെറ്റ്‌മയറും ചേര്‍ന്ന് ടീമിനെ 60 കടത്തി. പിന്നാലെ ഇരുവരും പുറത്തായി. അതോടെ ടീം പ്രതിരോധത്തിലായി. പരാഗ് 20 റണ്‍സും ഹെറ്റ്‌മയര്‍ 22 റണ്‍സുമെടുത്തു.ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും ഡൊണോവന്‍ ഫെരെയ്‌രയും ചേര്‍ന്ന് 33 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ടീമിനെ നൂറുകടത്തി. പിന്നാലെ ഫെരെയ്‌ര 20 റണ്‍സെടുത്ത് കൂടാരം കയറി. ജഡേജയും ശുഭം ദുബെയുമാണ് പിന്നീട് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. അവസാനഓവറില്‍ 20 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. അതോടെ ടീം 159-ലെത്തി. ജഡേജ 29 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു. ശുഭം ദുബെ 11 പന്തില്‍ 19 റണ്‍സെടുത്തു. ലഖ്‌നൗവിനായി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൗഹ്‌സിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 15 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 93 റണ്‍സ് എടുത്തിട്ടുണ്ട്.





