ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്‌റ്റര്‍ സിറ്റിക്ക് കഷ്‌ടകാലം തുടര്‍ക്കഥയാകുന്നു.
കിങ് പവര്‍ സ്‌റ്റേഡിയത്തില്‍ ഹള്‍ സിറ്റിക്കെതിരേ നടന്ന മത്സരത്തില്‍ 2-2 എന്ന നിലയില്‍ സമനില വഴങ്ങിയതോടെ ക്ലബ്ബ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ മൂന്നാം ഡിവിഷനായ ലീഗ് വണ്ണിലേക്ക് തരംതാഴ്‌ത്തപ്പെട്ടു. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഈ ഫലം ലെസ്‌റ്ററിന് കനത്ത പ്രഹരമായി.
ജെയിംസ് ജസ്‌റ്റിന്‍, ലൂക്ക് തോമസ് എന്നിവരുടെ ഗോളുകളിലൂടെ മത്സരത്തില്‍ രണ്ടു തവണ മുന്നിലെത്തിയെങ്കിലും ഒലി മക്‌ബര്‍ണിയുടെ സമനില ഗോള്‍ ലെസ്‌റ്ററിന്റെ വിധി നിര്‍ണയിച്ചു. സീസണില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഏഴ് പോയിന്റ് പിന്നിലായ അവര്‍ക്ക് ഇനി തിരിച്ചുവരവ് എന്നത് വിദൂര സ്വപ്‌നങ്ങളില്‍ പോലുമില്ല. 2016-ല്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ ലെസ്‌റ്ററിന്റെ ഈ വീഴ്‌ച അവിശ്വസനീയമാണ്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് അവര്‍ ലീഗ് വണ്ണിലേക്ക് വീഴുന്നത്.
സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് നേരിടേണ്ടി വന്ന ആറ് പോയിന്റ് വെട്ടിക്കുറയ്‌ക്കല്‍ ക്ലബിന് വലിയ തിരിച്ചടിയായി. കൂടാതെ ട്രാന്‍സ്‌ഫര്‍ വിപണിയിലെ പിഴവുകളും പാറ്റ്‌സണ്‍ ഡാക്കയെയും ഹാരി സൗട്ടറെയും പോലുള്ള താരങ്ങളുടെ മോശം പ്രകടനവും ക്ലബ്ബിന്റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി. ക്ലോഡിയോ റാനിയേരി മുതല്‍ സ്‌റ്റീവ് കൂപ്പര്‍ വരെയുള്ള പരിശീലകരെ മാറ്റിക്കൊണ്ടിരുന്നതും ടീമിന്റെ സ്‌ഥിരതയെ ബാധിച്ചു. താല്‍ക്കാലിക പരിശീലകനായി എത്തിയ ഗാരി റോവെറ്റിന് 12 മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് നേടിക്കൊടുക്കാനായത്.





