
ഹൈദരാബാദ്: ട്വന്റി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയടിക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടത്തില്‍ വിരാട് കോഹ്‌ലിയോടൊപ്പമെത്താന്‍ അഭിഷേകിനായി. ഇരുവരും ഒന്‍പത് സെഞ്ചുറികള്‍ വീതമടിച്ചു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറായിറങ്ങിയ അഭിഷേക് 68 പന്തില്‍ 10 സിക്‌സറും 10 ഫോറുമടക്കം 135 റണ്ണുമായി പുറത്താകാതെനിന്നു. നേരിട്ട 47-ാം പന്തിലായിരുന്നു താരം മൂന്നക്കം കടന്നത്. ഇന്ത്യന്‍ ഓപ്പണറുടെ രണ്ടാമത്തെ ഐ.പി.എല്‍. സെഞ്ചുറിയാണ്. അഭിഷേകും കോഹ്ലിയും ഒന്‍പത് സെഞ്ചുറികള്‍ വീതവും മുന്‍ നായകന്‍ രോഹിത് ശര്‍മ എട്ട് സെഞ്ചുറിയും മലയാളി താരം സഞ്‌ജു സാംസണ്‍, ലോകേഷ് രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഏഴ് സെഞ്ചുറികളുമടിച്ചു.
ഋതുരാജ് ഗെയ്‌ക്വാദ്, ശുഭ്‌മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആറ് സെഞ്ചുറികള്‍ വീതമടിച്ചു പിന്നാലെയുണ്ട്. ഐ.പി.എല്ലില്‍ രണ്ടുവട്ടം 50 പന്തില്‍ താഴെ സെഞ്ചുറിയടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി.
പഞ്ചാബ് കിങ്‌സിനെതിരേ 2025 ല്‍ നടന്ന മത്സരത്തില്‍ 40 പന്തിലാണ് ഇന്ത്യന്‍ താരം സെഞ്ചുറിയടിച്ചത്. ഇന്നലെ നിതീഷ് റാണ എറിഞ്ഞ 15-ാം ഓവറിലെ രണ്ടാമത്തെ പന്ത് സിക്‌സറടിച്ചാണ് അഭിഷേക് സെഞ്ചുറിയിലെത്തിയത്. ഉപ്പലിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേല്‍ ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അഭിഷേകിന്റെ സെഞ്ചുറിയും ഹെന്റിച് ക്ലാസാന്‍ (13 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 37), ഓപ്പണര്‍ ട്രാവിസ് ഹെഡ് (26 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 37), നായകന്‍ ഇഷാന്‍ കിഷന്‍ (13 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 25) എന്നിവരുടെ വെടിക്കെട്ടും സണ്‍റൈസേഴ്‌സിനെ രണ്ട് വിക്കറ്റിന് 242 റണ്ണെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു.
ഹെഡിനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ ഇഷാന്‍ റണ്ണൗട്ടായി. ഡല്‍ഹി ബൗളര്‍മാരില്‍ മുകേഷ് കുമാര്‍ നാല് ഓവറില്‍ 53 റണ്ണും നിതീഷ് റാണ 55 റണ്ണും വഴങ്ങി. ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്റെ രണ്ട് ഓവറില്‍ പിറന്നത് 30 റണ്‍. അഭിഷേകും ഹെഡും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 28 പന്തില്‍ 50 കടന്നു. ടീം സ്‌കോര്‍ പത്താം ഓവറില്‍ നൂറിലെത്തി.
ഈ സീസണില്‍ അഭിഷേകിന്റെ ആദ്യ സെഞ്ചറിയാണ്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം 97 റണ്‍ നേടി. ഒരു ഭാഗത്ത് അഭിഷേക് അടി തുടങ്ങിയതോടെ പിന്തുണ നല്‍കാനായിരുന്നു ഹെഡിന്റെ ശ്രമം. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ ഒന്‍പതാം ഓവറില്‍ സമീര്‍ റിസ്‌വി പിടിച്ചാണു ഹെഡ് പുറത്തായത്. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും അടിച്ചുതുടങ്ങിയതോടെ 13 ഓവറില്‍ ഹൈദരാബാദ് 150 കടന്നു. നിതീഷ് റാണ ഇഷാനെ റണ്‍ഔട്ടാക്കി.





