ജിദ്ദ: ജപ്പാനിലെ വിസല്‍ കോബിയെ 2-1 നു തോല്‍പ്പിച്ച് സൗദി അറേബ്യയിലെ അല്‍ അഹ്ലി ക്ലബ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു.
നിലവിലെ ചാമ്പ്യനായ അല്‍ അഹ്ലി തുടര്‍ച്ചയായി രണ്ടാം തവണയാണു ഫൈനലില്‍ കടക്കുന്നത്. കിങ് അബ്‌ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ 44,716 പേരെ സാക്ഷി നിര്‍ത്തിയായിരുന്നു സെമി ഫൈനല്‍. 2023, 2024 സീസണിലെ ജേതാക്കളായിരുന്നു കോബി. യോഷിനോറി മുടോയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണു കോബി തോല്‍വി നേരിട്ടത്. ഗാലെനോ സമനില ഗോളും ഇവാന്‍ ടോണി വിജയ ഗോളുമടിച്ചു. കളി തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോബി മുന്നിലെത്തിയത്. മാര്‍ക്ക് ചെയ്യാതെനിന്ന യുയാ ഒസാകോ മറിച്ചു നല്‍കിയ പന്തിനെ യോഷിനോറി മുടോ ഹെഡറിലൂടെ വലയിലാക്കി. അല്‍ അഹ്ലി ഗോള്‍ കീപ്പര്‍ എഡ്വേഡ് മെന്‍ഡിക്കു പന്തില്‍ തൊടാനായില്ല.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗാലെനോയുടെ ഫ്രീകിക്കിന് റയാന്‍ ഹാമിദ് തലവച്ചെങ്കിലും പുറത്തേക്കു പോയി. രണ്ടാം പകുതിയുടെ തുടക്കത്തിലും കോബിക്ക് ലഭിച്ച അവസരം പാഴായി. റോജര്‍ ഐബാനസിന്റെ ഗോളെന്നുറച്ച ഷോട്ട് പുറത്തേക്കാണു പോയത്. 62-ാം മിനിറ്റിലാണു ഗലെനോയുടെ സമനില ഗോളെത്തിയത്. ക്ലോസ് റേഞ്ച് ഷോട്ട് ജാപ്പനീസ് താരങ്ങള്‍ക്കു തടുക്കാനായില്ല. എട്ട് മിനിറ്റുകള്‍ക്കു ശേഷം ഗോള്‍ കീപ്പര്‍ ദായ മായികാവയുടെ പിഴവില്‍നിന്നു വിജയ ഗോളും പിറന്നു. മായികാവയുടെ പിടിയില്‍നിന്നു വഴുതിയ പന്ത് ഇവാന്‍ ടോണിക്കു ഗോളടിക്കാന്‍ പാകത്തിനായിരുന്നു. ജപ്പാനിലെ മാചിഡ സെല്‍വിയയും യു.എ.ഇയിലെ ഷാബാബ് അല്‍ അഹ്ലിയും തമ്മിലുള്ള സെമിയിലെ ജേതാവാണു ഫൈനലില്‍ അല്‍ അഹ്ലിയുടെ എതിരാളി. ശനിയാഴ്‌ചയാണു മത്സരം.






