
ലീവാര്‍ഡ് ഐലന്‍ഡ്സ് താരം ജെറമിയ ലൂയിസിന്റെ തലയുടെ പിന്‍ഭാഗത്ത് പന്ത് തട്ടിയതിനെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. സര് വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലെ അപകടകരമായ പിച്ച് കാരണം ലീവാര്‍ഡ് ഐലന്‍ഡ്സും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയും തമ്മിലുള്ള വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍ഷിപ്പ് ഉഭയകക്ഷി പരമ്പരയിലെ മത്സരം ഉപേക്ഷിച്ചു.
വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സ് എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങി ലീവാര്‍ഡ് ഐലന്‍ഡ്സ് ബാറ്റര്‍ ജെറമിയ ലൂയിസിന്റെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. കഠിനമായ വേദനയെത്തുടര്‍ന്ന് നിരാശയോടെ കളം വിട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അപകടം നടക്കുന്നതിന് മുന്‍പ് ജെയ്ഡന്‍ സീല്‍സ് തകര്‍പ്പന്‍ ബൗളിംഗിലൂടെ വീണ ഏഴ് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ലീവാര്‍ഡ് ഐലന്‍ഡ്സ് 140 റണ്‍സ് എടുക്കുന്നതിനിടെയാണ് കളി തടസ്സപ്പെട്ടത്.
'സര് വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലെ അപകടകരമായ പിച്ച് സാഹചര്യം കണക്കിലെടുത്ത്, 2026 വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍ഷിപ്പിലെ ലീവാര്‍ഡ് ഐലന്‍ഡ്സ് - ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ രണ്ടാം മത്സരം സമനിലയില്‍ ഉപേക്ഷിച്ചതായി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു,' എന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ പിച്ചിന്റെ പെരുമാറ്റം പ്രവചനാതീതമായതോടെ കളി നിര്‍ത്തിവെച്ചു. ബാറ്റിംഗിനിടെ പന്ത് തലയില്‍ തട്ടിയ ജെറമിയ ലൂയിസിനെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. പത്ത് വിക്കറ്റ് നേട്ടത്തിലേക്ക് കുതിക്കുകയായിരുന്ന ജെയ്ഡന്‍ സീല്‍സ്, കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മെയ് 17-20 തീയതികളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ് ഫൈനല്‍ ഇതേ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ഫൈനലിനായി സുരക്ഷിതവും മത്സരയോഗ്യവുമായ പിച്ച് ഒരുക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്ന് സി.ഡബ്ല്യു.ഐ (ഇണക) അറിയിച്ചു. അതുവരെ ഈ സ്റ്റേഡിയത്തില്‍ മറ്റ് മത്സരങ്ങളൊന്നും ക്രമീകരിച്ചിട്ടില്ല.






