ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റിലെ മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. മികച്ച ഫോമില്‍ കളിക്കുന്ന 18 വയസുകാരന്‍ ആയുഷ് എംഹാത്രെ പരുക്കു മൂലം പുറത്തായതാണു തിരിച്ചടിയായത്.
18 നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തിനിടെ എംഹാത്രെയുടെ ഇടതുകാല്‍ത്തുടയ്‌ക്കു പരുക്കേറ്റിരുന്നു. താരത്തിന് ആറ് മുതല്‍ 12 ദിവസം വരെ വിശ്രമം ആവശ്യമാണെന്നു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ സീസണില്‍ പകരക്കാരനായാണു മുംബൈക്കാരനായ എംഹാത്രെ ഐ.പി.എല്ലില്‍ അരങ്ങേറിയത്. ആയുഷ് എംഹാത്രെയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോകകപ്പ് നേടിയത്. സൂപ്പര്‍ കിങ്‌സിനായി ഈ സീസണില്‍ ആറ് കളികളിലായി 177.88 സ്‌ട്രൈക്ക് റേറ്റില്‍ 201 റണ്ണെടുത്തു. രണ്ട് അര്‍ധ സെഞ്ചുറികളും അടിച്ചെടുത്തു. എംഹാത്രെയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചില്ല. വരും മത്സരങ്ങളില്‍ ഉര്‍വില്‍ പട്ടേല്‍ കളിക്കാനാണു സാധ്യത. ട്വന്റി20 യില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് (28 പന്തില്‍) ഉര്‍വില്‍ പട്ടേലിന്റെ പേരിലാണ്. കാര്‍ത്തിക് ശര്‍മ, അന്‍മോല്‍പ്രീത് സിങ്, അണ്ടര്‍ 19 മുന്‍ നായകന്‍ യഷ് ദൂല്‍, സാത്വിക് ചികാര എന്നിവരും പരിഗണനയിലാണ്.






