ടൊറന്റോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കാനഡ ടീം ഉള്‍പ്പെട്ട ഒത്തുകളി വിവാദം ചൂടുപിടിക്കുന്നു. കാനഡയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിലെ ഒത്തുകളിയില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന് നേരിട്ട് പങ്കുണ്ടെന്നു കനേഡിയന്‍ ബ്രോഡ്‌കാസ്‌റ്റിങ് കോര്‍പറേഷന്‍ പുറത്തുവിട്ടു.
ഒത്തുകളിയില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കനേഡിയന്‍ നായകന്‍ ദില്‍പ്രീത് ബാജ്‌വയുടെ ഒത്തുകളി ഇടപാടുകളെക്കുറിച്ച് അഴിമതി വിരുദ്ധ വിഭാഗം (എ.സി.യു.) അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരെ ബാജ്‌വ എറിഞ്ഞ ഓവറില്‍ അധിക റണ്ണുകള്‍ വഴങ്ങിയതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലായത്. എ.സി.യു. ബാജ്‌വയെ ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പരിശോധിക്കുകയും ചെയ്‌തു.
ചെന്നൈയില്‍ നടന്ന കാനഡയും ന്യൂസിലന്‍ഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരമാണ് നിരീക്ഷണത്തിലുള്ളത്. ബാജ്‌വ എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു നോബോളും വൈഡും ഉള്‍പ്പെടെ 15 റണ്ണാണു വിട്ടുകൊടുത്തത്. കാനഡയില്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളി സംഘമാണ് ലോറന്‍സ് ബിഷ്‌ണോയി ഗ്രൂപ്പ്. ബാജ്‌വയെ നായകനാക്കിയതും ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ സമ്മര്‍ദ ഫലമാണെന്നാണു സി.ബി.സി. പുറത്തുവിട്ടത്. 2025 ജൂലൈയില്‍ ഒരു പ്രധാന പ്രവിശ്യാ ടൂര്‍ണമെന്റിലെ ജയത്തിന് ശേഷം 25 താരങ്ങള്‍ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഒരു റസേ്‌റ്റാറന്റില്‍ ഒത്തുകൂടി.
ടൂര്‍ണമെന്റില്‍ നിന്നുള്ള രണ്ട് കളിക്കാര്‍ കാനഡയുടെ ദേശീയ ടീമിലെ ഒരു താരം ഭക്ഷണം കഴിച്ചിരുന്ന ടേബിളിനെ സമീപിച്ചു. തങ്ങള്‍ ബിഷ്‌ണോയി സംഘത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് അവകാശപ്പെട്ട അവര്‍, ദില്‍പ്രീത് ബാജ്‌വയെയും മറ്റൊരു യുവതാരത്തെയും പിന്തുണച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി-സി.ബി.സിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത് ഇങ്ങനെ. ലോകകപ്പിന് ആഴ്‌ചകള്‍ക്ക് മുമ്പാണു ബാജ്‌വയെ നായകനാക്കിയത്. സിദ്ധു മൂസെ വാല, ബാബാ സിദ്ധിഖി എന്നിവരുടെ കൊലപാതകത്തിലും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയതിലും ലോറന്‍സ് ബിഷ്‌ണോയി സംഘത്തിനു പങ്കുണ്ട്.






