
തൃശൂര്‍: ജാതിമത ഭേദമെന്യേ ആഘോഷങ്ങള്‍ക്ക് വെടിക്കെട്ട് വേണമെന്ന് നിര്ബന്ധുള്ള അതിന് മത്സരമുള്ള നാടാണ് കേരളം. വെടിക്കെട്ട് ദുരന്തങ്ങള്‍ കേരളത്തില്‍ ആദ്യ സംഭവമല്ല. ഓരോ ദുരന്തമുണ്ടാകുമ്പോഴും കുറച്ച് നാള് നിയന്ത്രണങ്ങള്‍ ഉണ്ടാകും. പിന്നെ അതെല്ലാം മാറും. കഴിഞ്ഞ 25 വര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ വലുതും ചെറുതുമായി ഏകദേശം 760 വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായെന്നാണ് കണക്ക്. ഈ അപകടങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം 450 ലേറെപ്പേര്‍ മരിച്ചു.
ഏറ്റവും കൂടുതല്‍ വെടിക്കെട്ട് അപകടങ്ങളും മരണങ്ങളും നടന്നത് പാലക്കാട് ജില്ലയിലാണ്. 2016ല്‍ കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലാണ് കേരളത്തില്‍ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം നടന്നത്. 114 പേരാണ് അപകടത്തില്‍ മരിച്ചത്. അറുപതു വര്‍ഷം മുമ്പും പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ അപകടം നടന്നിരുന്നു. അന്ന് കമ്പത്തിനിടെ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക കലായിക്കോട്ട തകര്‍ന്നാണ് ആളുകള്‍ മരിച്ചത്. കണ്ടങ്കാളി, പേട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കമ്പത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിനു ശേഷം നിറുത്തിവച്ച ഉത്സവം വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും തുടങ്ങിയത്. കമ്പമില്ലെമില്ലെങ്കില് ഉത്സവം തന്നെ വേണ്ടെന്ന നിലപാടാണ് അന്ന് ഉത്സവ നടത്തിപ്പുകാര്‍ സ്വീകരിച്ചത്.
കേരളത്തിലെ വെടിക്കെട്ട് ദുരന്തങ്ങള്‍:
* 1952: ശബരിമലയില്‍ ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്ഫോടനം. മരണം: 68
*1978: തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം. മരണം: എട്ട്
*1984: തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം: 20
* 1987: തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം: 20
* 1987: തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരിച്ചു. മരണം: 27
* 1988: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ അടക്കം 10 പേര് മരിച്ചു
* 1989: തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും അപകടം. മരണം: 12
* 1990: കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം: 26
* 1997: ചിയ്യാരം പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. മരണം: ആറ്
* 1998: പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ പൊട്ടിത്തറി. മരണം: 13
* 1999: പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം: എട്ട്
* 2006: തൃശൂര്‍ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം: ഏഴ്
* 2008: ഫെബ്രുവരി 18 ന് എറണാകുളം ജില്ലയിലെ മരടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈന ആളുകളുടെ ഇടയില്‍ വീണു പൊട്ടി മൂന്ന് പേര് മരിച്ചു.
* 2011: ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു. മരണം: 13
* 2013: പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം: ആറ്
* 2016: എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം
* 2013: പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം: ആറ്
* ചെറുതും വലുതുമായ നിരവധി വെടിക്കെട്ട് അപകടങ്ങളും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുണ്ട്. 2023 ജനുവരിയില്‍ തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം നടന്നെങ്കിലും ആര്‍ക്കും ജീവപായം സംഭവിച്ചില്ല. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്ന പുരയിലാണ് അപകടം നടന്നത്.
സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് സ്ഫോടനങ്ങളാണുണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അകലെ വരെ അനുഭവപ്പെട്ടു. തൊഴിലാളികള്‍ കുളിക്കാന്‍ പോയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.






