
ബംഗളൂരു: പ്രണയം അവഗണിക്കപ്പെട്ടു എന്ന് തോന്നിയാൽ പ്രതികാരം ഏതറ്റം വരെയും പോകുമെന്നാണ് ബംഗളൂരുവിൽ കഴിഞ്ഞ ദിവസം നടന്ന അതിക്രൂരമായ ഒരു സംഭവം തെളിയിക്കുന്നത്. തന്നെ അവഗണിച്ച യുവാവിനെ ഒരു സ്ത്രീ കസേരയിൽ കെട്ടിയിട്ട് ചുട്ടുകൊന്നു! കൊലപാതക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.
ഒരു ടെലികോം സ്റ്റോറിലെ ജീവനക്കാരിയാണ് തന്റെ കാമുകനെ ദക്ഷിണ ബെംഗളൂരുവിലെ അഞ്ജനാപുരയിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കണ്ണുകൾ കെട്ടി കസേരയിൽ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. വിദേശരാജ്യങ്ങളിലെ പോലെ പുതിയ രീതിയിലുള്ള വിവാഹാഭ്യർത്ഥന ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു കൊലപാതകത്തിന് അരങ്ങൊരുക്കിയത്. യുവാവ് മരണവെപ്രാളത്തിൽ പിടയുന്നത് ഇവർ ക്യാമറയിൽ പകർത്തിയതായും പോലീസ് പറഞ്ഞു.
പ്രേരണ എന്ന 27 വയസ്സുള്ള യുവതിയാണ് സമപ്രായക്കാരനായ കിരൺ എന്ന സഹപ്രവർത്തകനെ അരുംകൊല ചെയ്തത്. ഇവർ ഒരേ ടെലികോം സ്റ്റോറിലെ സഹപ്രവർത്തകരും ഒരു വർഷത്തിലേറെയായി പ്രണയത്തിലുമായിരുന്നു. എന്നാൽ, അടുത്തകാലത്തായി കിരൺ തന്നെ അവഗണിക്കുകയാണെന്നും തന്നെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും പ്രേരണ വിശ്വസിച്ചിരുന്നു.
അമ്മയും സഹോദരനും വീട്ടിലില്ലാത്ത സമയത്തായിരുന്നു പ്രേരണ കാമുകനെ വീട്ടിൽ എത്തിച്ചത്. കിരൺ എത്തിയ ശേഷം ഇരുവരും സംസാരിച്ചിരുന്നു. തുടർന്ന് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് അവൾ അവന്റെ കണ്ണുകൾ കെട്ടുകയും കസേരയിൽ ഇരുത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ അവർ ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.
തുടർന്ന് പ്രേരണ അവനെ കസേരയിൽ കെട്ടിയിടാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കിരൺ ചോദിച്ചപ്പോൾ, വിദേശരാജ്യങ്ങളിൽ ഇപ്പോൾ പ്രചാരത്തിലുള്ള വിവാഹാഭ്യർത്ഥനാ രീതിയാണിതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
കണ്ണുകെട്ടി കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ വിവാഹാഭ്യർത്ഥനയ്ക്കായി കാത്തിരുന്ന കിരണിന്റെ മേൽ, നേരത്തെ കരുതിവെച്ചിരുന്ന കത്തുന്ന ദ്രാവകം ഒഴിച്ച് നിമിഷങ്ങൾക്കകം തീകൊളുത്തുകയായിരുന്നു.






