
ന്യൂഡൽഹി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിൽ ഒരാളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. തെക്കൻ ഡൽഹിയിൽ കൈലാഷിൽ ഒരു ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെയാണ് ബലാത്സംഗം ചെയ്ത് കൊന്നത്. രാഹുൽ എന്ന 19 വയസ്സുകാരനായ മുൻ വീട്ടുജോലിക്കാരനെ ദ്വാരക മേഖലയിലെ ഒരു ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തു.
എഞ്ചിനിയറിംഗ് ബിരുദധാരിയും യുപിഎസ്‌സി ഉദ്യോഗാർത്ഥിയുമായ 22 കാരിയെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. മാതാപിതാക്കൾ പുറത്തു പോയ സമയത്തായിരുന്നു അതിക്രമം നടന്നത്. ഇവർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസി ടിവി ഫൂട്ടേജുകളുടെ സഹായത്തോടെ രാഹുൽ എന്ന പ്രതിയെ പിടികൂടുകയായിരുന്നു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. മറ്റ് ജോലിക്കാരിൽ നിന്ന് പണം കടം വാങ്ങുകയും തിരിച്ചു നൽകാതിരിക്കുകയും ചെയ്യുന്ന ശീലമുള്ളതിനാൽ ഒരു മാസം മുമ്പ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഡൽഹിയിൽ എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് രാഹുൽ തന്റെ ഗ്രാമമായ അൽവാറിൽ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. അൽവാറിലെ അതിജീവിത നടന്ന കാര്യങ്ങൾ തന്റെ കുടുംബത്തെ അറിയിച്ചു. രാഹുൽ ഇവരുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് ലുഡോ കളിക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. രാഹുലിന്റെ കുടുംബം നേരത്തെ അൽവാറിലെ ഇരയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു.
അൽവാറിലെ ലൈംഗികാതിക്രമത്തിന് ശേഷം രാഹുൽ ഡൽഹിയിലേക്ക് വരികയും അവിടെ കൊലപാതകം നടത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം പോലീസ് ഇപ്പോഴും അന്വേഷിച്ചുവരികയാണ്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണോ ഈ ആക്രമണത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.






