
പട്ന: പഠനകാലയളവിൽ വിദ്യാർത്ഥിനികൾ വിവാഹം കഴിക്കരുത്. വിവാഹിതരായാൽ കോളേജിൽ നിന്ന് പുറത്താക്കും! ഗോപാൽഗഞ്ചിലെ ഹത്തുവ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി സ്കൂൾ പുറപ്പെടുവിച്ച ഈ വിജ്ഞാപനം വൻ വിവാദത്തിന് തിരികൊളുത്തി.
വിവാദം കൊഴുത്തതോടെ അധികൃതർ ഉത്തരവ് റദ്ദാക്കി. ആരോഗ്യ വകുപ്പിന്റെയോ നഴ്സിംഗ് കൗൺസിലിന്റെയോ ഒരു ചട്ടങ്ങളിലും ഇത്തരമൊരു വ്യവസ്ഥയില്ല എന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പുറപ്പെടുവിച്ച വിവാദ നോട്ടീസിനോട് പ്രതികരിക്കവെ സിവിൽ സർജൻ ഡോ. പ്രസാദ് പറഞ്ഞു.
ഉത്തരവ് റദ്ദാക്കിയതായും പ്രിൻസിപ്പലിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനായി അന്വേഷണ റിപ്പോർട്ട് വകുപ്പിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
ഏപ്രിൽ 16-നാണ് ഹത്തുവ ജി.എൻ.എം സ്കൂൾ ഔദ്യോഗികമായി ഈ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രിൻസിപ്പൽ മാനസി സിംഗ് ഒപ്പിട്ട നോട്ടീസിൽ, പരിശീലന കാലയളവിൽ ഏതെങ്കിലും വിദ്യാർത്ഥിനി വിവാഹിതയായാൽ അവളെ ഉടൻ തന്നെ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ വിജ്ഞാപനം വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായി. വിവാഹം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും അധികാരമില്ലെന്നും പെൺകുട്ടികളുടെ പഠിക്കാനുള്ള മൗലികാവകാശത്തെ ഇത് ലംഘിക്കുന്നുവെന്നും പലരും വാദിച്ചു. തിരിച്ചടി നേരിട്ടതോടെ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്തെത്തി. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താനോ വിവാഹം നിരോധിക്കാനോ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു. പഠനത്തിനിടയിൽ വിവാഹം നടത്തുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹശേഷം പല വിദ്യാർത്ഥികളും ദീർഘകാല അവധി എടുക്കുന്നത് ഹാജർ കുറയാൻ കാരണമാകുന്നു. പിന്നീട് ഹാജർ കുറവാണെങ്കിലും പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തും. ഇത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്," പ്രിൻസിപ്പൽ പറഞ്ഞു.
നഴ്സിംഗ് പരിശീലന കാലയളവിൽ വിവാഹം നിരോധിച്ചുകൊണ്ടുള്ള സർക്കാർ നിയമങ്ങളൊന്നുമില്ലെന്ന് പ്രിൻസിപ്പൽ സമ്മതിച്ചു. വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കാനുമുള്ള ഒരു നിർദ്ദേശം മാത്രമായിരുന്നു ആ കത്തെന്ന് അവർ അറിയിച്ചു. നോട്ടീസ് ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്.






