
ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി കൃത്രിമക്കാൽ വയ്ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പിതാവ് അലി ഖമനേയി കൊല്ലപ്പെടാൻ ഇടയായ ബോംബാക്രമണത്തിലാണ് മുജ്തബയ്ക്ക് ഗുരുതര പരിക്കുകൾ പറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഖമനേയിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കൈക്ക് ശസ്ത്രക്രിയ നടത്തി എന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ, അദ്ദേഹം പിതാവിനെ പോലെ സർവാധികാരിയല്ല. തീരുമാനങ്ങൾ എടുക്കാൻ മാനസികമായി പ്രാപ്തനാണെങ്കിലും, ശാരീരികാവസ്ഥ അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലുകളെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
നിലവിലെ ചർച്ചകളിൽ ഖമേനി ഇറാനിയൻ ജനറൽമാരുമായി വളരെ കുറഞ്ഞ ബന്ധം മാത്രമേ പുലർത്തുന്നുള്ളൂ എന്ന് ന്യൂയോർക്ക് ടൈംസ് ഉദ്ധരിച്ച നാല് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പിതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് അധികാരമേറ്റ മൊജ്തബ, ദുർബലനായി കാണപ്പെടാതിരിക്കാൻ ഇതുവരെ പരസ്യമായ പ്രസംഗങ്ങളോ ദൃശ്യങ്ങളോ നൽകിയിട്ടില്ല. മുദ്രവെച്ച കത്തുകൾ വഴിയാണ് നിലവിൽ ആശയവിനിമയം നടക്കുന്നത്.
മൊജ്തബ റെവല്യൂഷണറി ഗാർഡിന് വിധേയനാണ് എന്നും ഈ സാഹചര്യം സൃഷ്ടിച്ച അധികാര ശൂന്യത ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉപയോഗപ്പെടുത്തുന്നതായും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനെപ്പോലെയാണ് മൊജ്തബ രാജ്യം ഭരിക്കുന്നത്. ജനറൽമാരാണ് ബോർഡ് അംഗങ്ങൾ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിലവിൽ സൈനിക കമാൻഡർമാർ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ ആധിപത്യം പുലർത്തുന്നു. ഇറാനും അമേരിക്കയും തമ്മിൽ അനിശ്ചിതകാല വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള വഴികൾ ഇരുപക്ഷവും ആലോചിക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആഭ്യന്തര അധികാര മാറ്റങ്ങളും റവല്യൂഷനറി ഗാർഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും നയതന്ത്ര നീക്കങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നു.






