
ജനപ്രിയനായകന് ദിലീപിന്റെ ചിത്രങ്ങള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. അതുകൊണ്ടു തന്നെ ദിലീപ് ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളികളുടെ പ്രിയ സംവിധായകന് ഷാജി കൈലാസിന്റെ മകന് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപിന്റെ നൂറ്റി അമ്പത്തിരണ്ടാമതു സിനിമയായിരുന്നു ഡി 152. ഇമോഷണല്‍ ഡ്രാമ ത്രില്ലർ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയതു മുതല്‍ ആരാധകര്‍ അതിന്റെ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. കോരിച്ചൊരിയുന്ന മഴയില്‍ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയില്‍ ഉത്കണ്ഠയോടെ നില്ക്കുന്ന ദിലീപിനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ‘വിധിക്ക് അപ്പുറം’ എന്നാണ് സിനിമയുടെ ടാഗ്ലൈന്.
ടൈറ്റില്‍ പോസ്റ്ററിലെ ദിലീപിന്റെ മുഖത്ത് പതിവില്ലാതെ കാണുന്ന ഭാവമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് പോസ്റ്റര്‍ വിരല്‍ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയില്‍ ദിലീപിന്റെ പുത്തൻ വേഷപ്പകർച്ച കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഉര്‍വശി തീയേറ്റേഴ്സ് & കാക്കാ സ്റ്റോറീസിന്റെ ബാനറില്‍ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.






