
‘മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ’ അഭിനയ രംഗത്തെത്തി പിന്നീട് ഹാസ്യകഥാപാത്രങ്ങളിലൂടെ സഹനായക നായക വേഷങ്ങളിലൂടെയും തിളങ്ങിയ താരമാണ് ജഗദീഷ്. കോളജ് പ്രൊഫസറായിരുന്ന ജഗദീഷ് ബിഗ്സ്ക്രീന്‍-മിനിസ്ക്രീന്‍ മേഖലകളില്‍ തന്റെ മികവ് തെളിയിച്ചത് വിവിധ വേഷങ്ങളണിഞ്ഞാണ്. അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്ത്, ഗായകന് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ജഗദീഷ്. ബിഗ് സ്ക്രീനിലെന്നത് പോലെ ടെലിവിഷനിലും സജീവമായ താരം വിധി കർത്താവായും അവതാരകനായുമെല്ലാം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരങ്ങളിൽ ഒരാളായ താരം 80 ,90 കാലഘട്ടത്തെ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു. എന്നാല്‍ അടുത്തിടെയായി താരം കൂടുതല്‍ തിളങ്ങുന്നത് ക്യാരക്ടര്‍ വേഷങ്ങളിലാണ്. വില്ലനായും സ്വഭാവ നടനായും മികച്ച കഥാപാത്രങ്ങളിലൂടെയും രൂപമാറ്റങ്ങളിലൂടെയും താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നുണ്ട്.
ഇപ്പോഴിതാ കോട്ടയം ക്നാനായ വലിയ പള്ളിയില്‍ ‘നന്മ നേരും അമ്മ, വിണ്ണിൻ രാജകന്യ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിക്കുന്ന ജഗദീഷിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിഖില്‍ കുര്യൻ എന്ന കീബോര്‍ഡിസ്റ്റാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടിനൊപ്പമുള്ള മിഖിലിന്റെ മനോഹരമായ കീബോർഡ് വായന കൂടിയാണ് വിഡിയോയെ ഹൃദ്യമാക്കുന്നത്. ഷറഫുദ്ദീൻ നായകനായ ‘മധുവിധു’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ അവസരം ലഭിച്ചതെന്നും ഈ വിഡിയോ പോസ്റ്റ് ചെയ്യാൻ 303 ദിവസമായി കാത്തിരിക്കുകയായിരുന്നു എന്നും മിഖില്‍ കുറിച്ചിട്ടുണ്ട്.
‘‘മധുവിധു സിനിമ റിലീസ് ചെയ്യാൻ 303 ദിവസമായി കാത്തിരിക്കുയായിരുന്നു. അങ്ങനെ എനിക്ക് ഇത് നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിഞ്ഞു. 'മധുവിധു' സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിഹാസ നടൻ ജഗദീഷ് സാറിനൊപ്പം ഈ പാട്ട് വായിക്കാൻ അവസരം ലഭിച്ചു. കോട്ടയം ക്നാനായ വലിയപള്ളിയില്‍ വച്ചാണ് അവസരം ലഭിച്ചത്...’’ എന്നാണ് മിഖില്‍ കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ജഗദീഷിന്റെ പാട്ടിനെയും മിഖിലിന്റെ കീബോര്‍ഡിനെയും പ്രശംസിച്ച് കമന്റുകള്‍ കുറിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മധുവിധു തിയറ്ററുകളിലെത്തിയത്. ചിത്രത്തില്‍ ജഗദീഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു അരവിന്ദാണ് സംവിധാനം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കരാണ് നായിക. സായ് കുമാര്‍, ബിന്ദു പണിക്കര്‍, അസീസ് നെടുമങ്ങാട്, അമല്‍ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.






