
ന്യൂഡല്‍ഹി: അടുത്തവര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പിലേക്കു പേകാനിരിക്കെ, പഞ്ചാബ് ആം ആദ്മി പാര്‍ട്ടിക്കു കനത്ത തിരിച്ചടിയേകി പ്രമുഖ നേതാവ് രാഘവ് ഛദ്ദ ഉള്‍പ്പെടെ പാര്‍ട്ടിയുടെ ഏഴു രാജ്യസഭാംഗങ്ങള്‍ ബി.ജെ.പിയിലേക്ക്. എ.എ.പിയുടെ ആകെയുള്ള 10 രാജ്യസഭാംഗങ്ങളില്‍ ഏഴുപേരാ ണു പാര്‍ട്ടി വിടുന്നത്. എ.എ.പി. അഴിമതി പാര്‍ട്ടിയായി മാറിയെന്നും അതിനാല്‍ ബി.ജെ.പിയില്‍ ചേരുകയാണെന്നും രാഘവ് ഛദ്ദ വാര്‍ത്താ സമ്മേള നത്തില്‍ പറഞ്ഞു. ഹര്ഭജന് സിങ്, സ്വാതി മാലിവാള്‍, രജീന്ദര്‍ ഗുപ്ത, വിക്രം സഹ്നേയ്, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരാണു എ.എ.പി. വിടുന്ന മറ്റു രാജ്യസഭാംഗങ്ങള്‍.
ബി.ജെ.പിയുമായി ലയിക്കാനുള്ള തീരുമാനത്തില്‍ ഒപ്പിട്ടു. രാജ്യസഭാ ചെയര്മാന് കത്തയച്ചെന്നും ഛദ്ദ പറഞ്ഞു. എ.എ.പിയുടെ രാജ്യസഭാംഗങ്ങളില്‍ മൂന്നില്‍രണ്ടും പാര്‍ട്ടി വിടുന്നതിനാല്‍ കൂറുമാറ്റനിരോധന നിയമപ്രകാരം നടപടിയെടുക്കാനാവില്ല. ഛദ്ദ കേന്ദ്രമന്ത്രിയാകുമെന്നു സൂചനയുണ്ട്. 2012ല്‍ ആം ആദ്മി പാര്‍ട്ടിയുടെ തുടക്കം മുതല്‍ ഛദ്ദ പാര്‍ട്ടിയുടെ ഭാഗമായിരുന്നു. അഴിമതിവിരുദ്ധ മുന്നേറ്റത്തിലൂടെ 2015ല്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ വ ന്ന കെജ്രിവാളിന്റെ വലംകൈയായിരുന്നു ഛദ്ദ. ' എന്റെ ജീവിതത്തിലെ 15 വര്‍ഷം ഞാന്‍ എ.എ.പിക്കു നല്കി. അഴിമതിക്കെതിരേ പോരാടുമെന്ന് വാ ഗ്ദാനങ്ങള്‍ നല്കി ഡല്‍ഹിയില്‍ അധികാരത്തില്‍വന്ന പാര്‍ട്ടി സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുപോയിരിക്കുന്നു. എ.എ.പി. അഴിമ തി പാര്‍ട്ടിയായി മാറി. തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തിയാണു ഞാന്‍. ആം ആദ്മി പാര്‍ട്ടി പഴയ പാര്‍ട്ടിയല്ല. പാര്‍ട്ടിയുടെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'- 37 വയസുകാരനായ ഛദ്ദ പറഞ്ഞു.
എ.എ.പിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്നു നീക്കിയതു മുതല്‍ ഛദ്ദ പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താന്‍ അരവിന്ദ് കെജ്രിവാള് ശ്രമം നടത്തുന്നതിനിടെയാണു പാര്‍ട്ടിയിലെ പിളര്‍പ്പ്. സന്ത് ബല്‍ബീര്‍ സിങ്, സീചെവാള്‍, സഞ്ജയ് സിങ്, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയില്‍ തുടരുന്ന മൂന്ന് രാജ്യസഭാംഗങ്ങള്‍. ഏറെനാളായി ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നെന്നു ഛദ്ദയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പഥക് പറഞ്ഞു.
എന്നാല്‍, ഛദ്ദ പാര്‍ട്ടിയെ വഞ്ചിച്ചെന്ന് എ.എ.പി. പറഞ്ഞു. ബി.ജെ.പി. പഞ്ചാബികളെ വഞ്ചിച്ചെന്നായിരുന്നു കെജ്രിവാളിന്റെ വിമര്‍ശനം. പാര്‍ട്ടി വിട്ട എം.പിമാരില്‍ ഭൂരിപക്ഷവും പഞ്ചാബില്നിന്നാണു തെരഞ്ഞെടുക്കപ്പെട്ടവരാണ്. 'പാര്‍ട്ടി ഛദ്ദയെ എം.പിയാക്കി. പക്ഷേ അദ്ദേഹം ബി.ജെ.പിയുടെ മടിയിലെത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടത്തിയ നല്ല കാര്യങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന ജോലിയാണ് ബി.ജെ.പി. ചെയ്തത്. എ.എ.പി. വിട്ട ഏഴ് എം.പിമാരുടെ നടപടി പഞ്ചാബിലെ ജനങ്ങള്‍ മറക്കില്ല.'-സഞ്ജയ് സിങ് പറഞ്ഞു. പാര്‍ലമെന്റ് വാക്കൗട്ടിനിടെ ഛദ്ദ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു.






