
മക്കള്‍ ജനിക്കുന്ന നിമിഷം മുതല്‍ അവര്‍ക്ക് എല്ലാ സന്തോഷങ്ങളും നല്കി നന്നായി വളര്‍ത്തുക എന്നത് എല്ലാ മാതാപിതാക്കളുടെയും വലിയ ഒരു സ്വപ്നമാണ്. തങ്ങള്‍ക്ക് കിട്ടാത്തതെല്ലാം മക്കള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ ഇതേ മക്കള്‍ വളര്‍ന്നു വലുതായിക്കഴിയുമ്പോള് അച്ഛനമ്മമാരുടെ സഹനവും ത്യാഗവും സ്നേഹവുമൊന്നും തിരിച്ചറിയണമെന്നില്ല. പലരും അവരോട് ഒരു നല്ല വാക്കു പോലും സമയം മാറ്റിവയ്ക്കാറില്ല എന്നുള്ളതാണ് സത്യം.
എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തരാകുന്ന ചില മക്കളുണ്ട്. അച്ഛനമ്മമാര്‍ നല്കിയ സ്നേഹത്തിനും സഹനത്തിനും പകരം അവരെ സ്നേഹം കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും മൂടാന്‍ ശ്രമിക്കുന്ന മക്കളും ഇന്നത്തെ തലമുറയിലുണ്ട്. അവര്‍ക്ക് സര്‍പ്രൈസുകളും നല്ല നിമിഷങ്ങളും നല്‍കിയാണ് പല മക്കളും തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാറുള്ളത്.
ഇപ്പോഴിതാ അത്തരത്തില്‍ സ്വന്തം പിതാവിന് ഒരു വലിയ സര്‍പ്രൈസ് നല്കിയ ഒരു മകന്റെ ഹൃദയം കവരുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. തന്റെ വിജയങ്ങളിൽ കൂടെനിന്ന അച്ഛനും അമ്മയ്ക്കും സ്വപ്നതുല്യമായ ഒരു സമ്മാനമാണ് സിദ്ധാർത്ഥ് ഭദൗരിയ എന്ന ടെക്കി നല്‍കിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാറായ ബിഎംഡബ്ല്യു സമ്മാനമായി നൽകിയാണ് സിദ്ധാർത്ഥ് മാതാപിതാക്കളെ ഞെട്ടിച്ചത്.
വളരെ കൗശലപൂർവ്വമാണ് സിദ്ധാർത്ഥ് ഈ സർപ്രൈസ് ഒരുക്കിയതെന്ന് വീഡിയോ കാണുന്നവര്‍ക്ക് പിടികിട്ടും. ‘അച്ഛനൊരു സ്കൂട്ടർ വാങ്ങി നൽകാൻ പോകുകയാണെ’ന്ന് അമ്മയോട് പറഞ്ഞാണ് ഇവരെ സിദ്ധാർത്ഥ് ഷോറൂമിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. സ്ഥലത്തെത്തിയപ്പോൾ കാറിന്റെ കീ അച്ഛന്റെ കയ്യിൽ നൽകി അതിലെ ബട്ടൺ അമർത്താൻ ആവശ്യപ്പെട്ടു. ബട്ടൺ അമർത്തിയപ്പോൾ മുന്നിലുള്ള ആഡംബര കാറിന്റെ ലൈറ്റുകൾ തെളിഞ്ഞു. ആദ്യം സ്കൂട്ടറിന്റെ താക്കോലാണെന്ന് കരുതിയ അമ്മയ്ക്ക് കാര്യം മനസ്സിലായതോടെ അത്ഭുതം അടക്കാനായില്ല.
‘നീയെന്നെ പറ്റിച്ചു...’ എന്ന് സന്തോഷം കൊണ്ട് അമ്മ വിളിച്ചുപറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എന്നാലപ്പോഴും ഇത്രയും വിലകൂടിയ കാർ ആരുടേതാണെന്ന അവിശ്വസനീയതയിലായിരുന്നു അച്ഛൻ. മാതാപിതാക്കളെ കാറിനുള്ളിൽ ഇരുത്തിയപ്പോഴും അവർക്ക് ആ നിമിഷം സത്യമാണോ എന്ന് വിശ്വസിക്കാവുന്നില്ലെന്ന് അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. ‘‘അവർ എനിക്ക് എല്ലാം തന്നു, ഇന്ന് എന്റെ ഊഴമായിരുന്നു...’’ എന്ന ഹൃദയസ്പർശിയായ ക്യാപ്ഷന്‍ നല്‍കിയാണ് സിദ്ധാർത്ഥ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. നിരവധി പേര് സിദ്ധാര്‍ത്ഥിനെ അഭിനന്ദിച്ചുള്ള കമന്റുകള്‍ കുറിച്ചു. നല്ലൊരു മകനായി സിദ്ധാര്‍ത്ഥിനെ വളര്‍ത്തിയ മാതാപിതാക്കളെ പ്രശംസിക്കുന്നവരും കുറവല്ല. ‘ഇതൊരു കുടുംബത്തിന്റെ സ്വപ്നനിമിഷമാണ്, എല്ലാ മാതാപിതാക്കളും ഇത്തരം സ്നേഹപ്രകടനങ്ങൾ അർഹിക്കുന്നുണ്ട്....’ എന്നതടക്കമാണ് കമന്റുകള്‍. മക്കൾ തങ്ങളുടെ നേട്ടങ്ങളിൽ മാതാപിതാക്കളെ കൂടി ചേർത്തുപിടിക്കുന്നതിന്റെ മനോഹരമായ ഉദാഹരണമായിട്ടാണ് പലരും ഈ വീഡിയോ കണക്കാക്കുന്നത്.






