
ന്യൂഡൽഹി: ‘എക്സ്-മുസ്ളിം’ എന്ന് അറിയപ്പെടുന്ന പ്രമുഖ യുട്യൂബർ സലിം വാസ്തിക് അറസ്റ്റിൽ. 31 വർഷം മുമ്പ് നടന്ന ഒരു കൊലപാതക കേസിൽ ഡൽഹി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇസ്ളാമിക രീതികളെ തന്റെ യുട്യൂബ് ചാനലിലൂടെ ചോദ്യം ചെയ്തതിന് ഇയാൾക്കു നേരെ അടുത്തിടെ വധശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഗാസിയബാദിലെ ലോണിയിലുള്ള വസതിയിൽ വച്ചായിരുന്നു ഇത്. രണ്ട് പേർ ചേർന്ന് ഇയാളെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇയാൾ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. എന്നാൽ, ഇതോടെ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാവുകയും തിരിച്ചറിയപ്പെടുകയുമായിരുന്നു.
1995-ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു വ്യവസായിയുടെ 13-കാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കപ്പെട്ടു. സന്ദീപ് ബൻസാൽ എന്ന കുട്ടിക്കാണ് 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള വിലപേശലിൽ ജീവൻ നഷ്ടമായത്. കുട്ടിയുടെ കരാട്ടെ പരിശീലകനായിരുന്നു വാസ്തിക്.
കുറ്റം തെളിഞ്ഞതോടെ സലിം വാസ്തിക്കിനും കൂട്ടാളി അനിലിനും ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്. 1997- ൽ തടവിലാക്കപ്പെട്ടു എങ്കിലും 2000-ൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയ ഇയാൾ ഒളിവിൽ പോയി. ഹരിയാനയിലും യുപിയിലുമായി ഒളിച്ചു കഴിഞ്ഞ ഇയാൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി താൻ കൊല്ലപ്പെട്ടു എന്നു പോലും പ്രചരിപ്പിച്ചു. പിന്നീട് ഗാസിയബാദിലെ ലോണിയിൽ വസ്ത്രവ്യാപാരവും യുട്യൂബ് ചാനലുമായി സ്ഥിരതാമസമാക്കുകയായിരുന്നു.
വിരലടയാളം, ഫോട്ടോ, പഴയ രേഖകൾ എന്നിവയുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്.






