
ന്യൂഡൽഹി: ടേക്കോഫിനിടെ ഡൽഹി വിമാനത്താവളത്തിൽ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കു പറ്റി. സൂറിച്ചിലേക്ക് പോകാനിരുന്ന സ്വിസ് എയർ ലക്സ് 147 എയർബസ് A330 വിമാനത്തിനാണ് തീ പിടിച്ചത്.
പുലർച്ചെ 1.08-ന് വിമാനം ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെയാണ് ഒരു എൻജിൻ പ്രവർത്തനരഹിതമാവുകയും തീ പിടുത്തമുണ്ടാകുകയും ചെയ്തത്. ഉടൻ തന്നെ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കുകയും യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു. യാത്രക്കാരെ എമർജൻസി വാതിൽ വഴി റൺവെയിലേക്ക് ഇറക്കുകയായിരുന്നു.
വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു.






