
കുറ്റ്യാടി: വീടിനുള്ളില്‍ നിന്നും ശംഖുവരയന്‍ ഇനത്തില്‍ പെട്ട അഞ്ചു പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടിയിലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്. കിടക്കയ്ക്കും തലയണയ്ക്കും ഇടയിലാണ് പാമ്പിനെ കണ്ടെത്തുകയായിരുന്നു.
ചൂട് കാരണം തറയില്‍ മെത്തയിട്ടു കിടക്കുകയായിരുന്നു വീട്ടുകാര്‍. അതിനിടെ പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്തെന്ന് വീട്ടുകാര്‍ അറിയിച്ചു. വീടിന്റെ ബാത്റൂമില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ കാലില്‍ നീറ്റലുണ്ടായി. തുടര്‍ന്ന് പേരാമ്പ്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്നും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയുമായിരുന്നു.
കോഴിക്കോട് പൂനൂര് സ്വദേശിക്കും പാമ്പുകടിയേറ്റു. ഇരുപത്തിരണ്ടുകാരന് മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കിടക്കയില്‍ പാമ്പിനെ കണ്ടതോടെ ശരീരം പരിശോധിച്ചപ്പോഴാണ് കടിയേറ്റിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ പട്ടുവത്ത് ഇന്നലെ വൈകിട്ടോടെ പാമ്പുകടിയേറ്റ കാവുങ്കല്‍ നമ്പ്രോത്ത് നാരായണി(77)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ പാമ്പുകടിയേറ്റു രണ്ടു വയോധികര്‍ക്കു സംസ്ഥാനത്ത് ദാരുണാന്ത്യം ഉണ്ടായിരുന്നു. ഇടുക്കി കാഞ്ഞാറില്‍ താന്നിയ്ക്കപ്പാറയില്‍ വിശാലാക്ഷി (86), കണ്ണൂര്‍ പട്ടുവം മുതുകുട കല്ലടത്ത് നബീസ(75) എന്നിവരാണു മരിച്ചത്.
മുറ്റത്തോടു ചേര്‍ന്നുനില്‍ക്കുന്ന മാവില്‍നിന്നു മാങ്ങപറിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കാണ് വിശാലാക്ഷിക്കു കടിയേറ്റത്. തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞതും കുഴഞ്ഞുവീണു. സമീപവാസികള്‍ ഉടന്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടുന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മരുമകന് വീട്ടിലെത്തിയപ്പോഴാണ് തളര്‍ന്നുകിടന്ന നബീസയെ കണ്ടത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.






