
സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ അവിഹിതബന്ധം സംശയിച്ച് ഭർത്താവ് ഡയറ്റീഷ്യനായ ഭാര്യയെ കൊന്ന് സിമന്റ് നിറച്ച പെട്ടിയിലൊളിപ്പിച്ചു. ശിൽപ്പ സാൽവി എന്ന 39-കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിശാൽ സാൽവിയെ പൊലീസ് അറസ്റ്റുചെയ്തു.
കൊല്ലപ്പെട്ട ഡയറ്റീഷ്യന്റെ ഭർത്താവ് വിശാൽ സാൽവി (40) നാല് ദിവസമായി ഭാര്യയെ കാണാനില്ല എന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, വീട്ടിൽ നിന്ന് കണ്ടെടുത്ത ഒരു കുറിപ്പ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകൻ പൊലീസിനു കൈമാറിയ കുറിപ്പിൽ താൻ ഒരു തെറ്റ് ചെയ്തു എന്നും ശിൽപ്പ ജീവനോടെയില്ല എന്നും വ്യക്തമാക്കിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിശാലിന്റെ താമസമില്ലാത്ത മറ്റൊരു വീട്ടിൽ നിന്നും മൃതദേഹം അടക്കം ചെയ്ത തടിപ്പെട്ടി കണ്ടെടുക്കുകയായിരുന്നു. തടിപ്പെട്ടിയിൽ സിമന്റ് മിശ്രിതം നിറച്ചശേഷം മൃതദേഹം അടക്കം ചെയ്തിരിക്കുകയായിരുന്നു. പരാതി നൽകിയതിനു ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊലപാതകം നടത്തിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.






