
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ സംസ്ഥാനത്ത് ആരംഭിച്ചു.
പൊതുജനങ്ങളുടെ സഹകരണം തേടിയിട്ടുണ്ടെങ്കിലും അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിര്‍ബന്ധപൂര്‍വ്വം വാഹനങ്ങള്‍ തടയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും, പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്ന സാഹചര്യമുണ്ട്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രതിഷേധം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും തലസ്ഥാനത്തും മറ്റ് പ്രധാന നഗരങ്ങളിലും കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡോ. റാമിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. തിരുവനന്തപുരം തമ്പാനൂരില്‍ പ്രതിഷേധക്കാര്‍ കെ.എസ്.ആര്.ടി.സി ബസുകളും ഓട്ടോറിക്ഷകളും തടഞ്ഞു.
പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. കുറ്റാരോപിതര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. കോളേജില്‍ ജാതി അധിക്ഷേപങ്ങളും വിവേചനങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും, മാനേജ്മെന്റ് അത് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.






