
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തിയിരിക്കെ വേനല്‍മഴയ്ക്കും സാധ്യത. കേരളത്തിന്റെ വിവിധയിടിങ്ങളില് ഇടിമിന്നലോടെ മഴയുടെ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയില്‍ സംസ്ഥാനത്തെ ചൂട് റെക്കോര്‍ഡ് നിലവാരത്തിലാണ്. പാലക്കാട് താപനില 40 ഡിഗ്രിവരെ ഉയര്‍ന്നേക്കും. കൊല്ലത്ത് ചൂട് 39 ഡിഗ്രിയാകുമ്പോള്‍ പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെ ഉയരാം. ഇത് സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി വരെ കൂടുതലാണ്.
ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, ജില്ലകളിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴയുണ്ടായേക്കുമെന്നാണ് സൂചനകള്‍. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ നിലവില്‍ ഉയര്‍ന്ന താപനില മുന്‍നിര്‍ത്തിയുള്ള യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഉത്തരേന്ത്യയില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് നേരിയ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. മെയ് ഒന്ന് വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്നാണ് പ്രവചനം.






