
തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകളും ആക്ഷന്‍കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു. പലയിടത്തും ബസുകള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു. പോലീസുമായി വാക്കേറ്റമുണ്ടാകുകയും ഗതാഗതം തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് ബലമായി പിടിച്ചുമാറ്റുകയും ചെയ്തു. അതേസമയം അക്രമസംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദേശീയപാതയിലും എം.സി.റോഡിലും ഗതാഗതം സ്തംഭിപ്പിച്ചു. കടകളും ബാങ്കുകളും സമരാനുകൂലികള്‍ നിര്‍ബ്ബന്ധിതമായി അടപ്പിച്ചു. ബസുകളില്‍ എത്തിയ യാത്രക്കാരുമായി വാക്കേറ്റമുണ്ടാകുന്ന സാഹചര്യം ഉണ്ടായി. തിരുവനന്തപുരത്ത് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ ബസുകള്‍ തടഞ്ഞതിന് പിന്നാലെ ദളിത് സംഘടനകള്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ ഏഴുമണിയോടെ തമ്പാനൂരിലായിരുന്നു പ്രതിഷേധം തുടങ്ങിയത്.
പിന്നാലെ നെടുമങ്ങാടും ആറ്റിങ്ങലിലും കണിയാപുരത്തും കെ.എസ്.ആര്.ടി.സി. ബസുകള്‍ തടഞ്ഞിട്ടു. പോലീസ് സംഘര്‍ഷക്കാരെ മാറ്റാന്‍ ശ്രമിച്ചു. നാലു മണിക്കൂറോളമാണ് ബസുകള്‍ സ്തംഭിച്ചത്. ഹര്‍ത്താലുമായി സഹകരിക്കണം എന്നാവശ്യപ്പെട്ട് സമരാനുകൂലികള്‍ തമ്പാനൂരില്‍ കടകള്‍ അടപ്പിച്ചു.
എന്‍ഐടി എന്‍ട്രന്‍സ് എക്സാം എഴുതാന്‍ വന്ന കുട്ടികളും കുടുങ്ങിപ്പോയി. അടൂരില്‍ എസ്ബിഐ ശാഖയുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. ബാംഗ്ളൂരില്‍ നിന്നും വന്ന കുടുംബം വാഹനം കിട്ടാതെ അടൂരില്‍ കുടുങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. കോട്ടയം മുണ്ടക്കയത്ത് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ടൗണില്‍ തടയുന്ന സാഹചര്യമുണ്ടായി. കോട്ടയത്തും കണ്ണൂരിലും പമ്പ് അടപ്പിച്ചു. രാവിലെ പയ്യന്നൂരില്‍ സമരാനുകൂലികള്‍ കടകള്‍ അടപ്പിച്ചു.






