
മുംബൈ: ഇസ്ളാം മതവിശ്വാസ പ്രഖ്യാപനമായ ‘കൽമ’ ചൊല്ലാൻ വിസമ്മതിച്ചതിന് മുംബൈയിൽ രണ്ട് സ്വകാര്യ സുരക്ഷാ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇത് ഒറ്റയ്ക്കുള്ള (ലോൺ വുൾഫ്) ആക്രമണമാണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയായ 31-കാരൻ സുബൈർ അൻസാരിയെ അറസ്റ്റുചെയ്തു. കേസ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) ഏറ്റെടുത്തിട്ടുണ്ട്.
താനെ ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മീര റോഡ് മേഖലയിലുള്ള വൊക്കാർഡ് ആശുപത്രിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ആക്രമണം നടന്നത്. പുലർച്ചെ 4 മണിയോടെ സുരക്ഷാ ജീവനക്കാരായ രാജ്കുമാർ മിശ്ര, സുബ്രതോ രമേഷ് സെൻ എന്നിവരെ പ്രതിയായ സൈബ് സുബൈർ അൻസാരി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. മിശ്രയുടെ നില ഗുരുതരമായി തുടരുന്നു.
പ്രതി ഇരകളോട് ഇസ്ലാമിലെ വിശ്വാസ പ്രഖ്യാപനമായ 'കൽമ' ചൊല്ലാൻ ആവശ്യപ്പെട്ടതായും അതിന് വിസമ്മതിച്ചപ്പോഴാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. “ഐസിസ്", "ലോൺ വുൾഫ്", "ജിഹാദ്", "ഗാസ" തുടങ്ങിയ പദങ്ങൾ എഴുതിയ കൈപ്പടയിലുള്ള കുറിപ്പുകൾ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇതൊരു വലിയ ഗൂഢാലോചനയുടെ ഭാഗമാണോ അതോ ഒറ്റപ്പെട്ട സംഭവമാണോ എന്ന് കണ്ടെത്താൻ ഇയാളുടെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചു വരികയാണ്.
മുംബൈയിലെ കുർള സ്വദേശിയായ അൻസാരി ഉപരിപഠനത്തിനായി വർഷങ്ങളോളം അമേരിക്കയിലായിരുന്നു. ജോലി ലഭിക്കാത്തതിനെത്തുടർന്ന് 2019-ലാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ഇപ്പോഴും യുഎസിലാണ് താമസം.






