
ബംഗളൂരു: ബംഗളൂരു അഡുഗോഡിയിലെ വാടക ഫ്ലാറ്റിൽ 34 വയസ്സുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഝാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ പൂജ ദത്ത (34) ആണ് മരിച്ചത്. ഇവർ നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ പൂജയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്. നഗ്നമായ നിലയിലായിരുന്ന മൃതദേഹം ഭാഗികമായി അഴുകിയ അവസ്ഥയിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനമനുസരിച്ച്, മൃതദേഹത്തിന് രണ്ട് മുതൽ മൂന്ന് ദിവസം വരെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മുറിക്കുള്ളിൽ പേപ്പർ കഷണങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായതിനാൽ ഇത് ആത്മഹത്യയാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏപ്രിൽ 23 ന് ആണ് യുവതിയെ അവസാനമായി പുറത്തുകണ്ടതെന്ന് വീട്ടുടമസ്ഥ പറഞ്ഞു. അന്ന് സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണ്.






