
വാഷിംഗ്ടൻ: ഇറാൻ യുദ്ധത്തെ കുറിച്ച് പെന്റഗൺ ഡൊണാൾഡ് ട്രംപിന് നൽകുന്ന വിവരങ്ങൾ കൃത്യമാണോയെന്ന് ആശങ്കയുള്ളതായി വൈസ് പ്രസിഡന്റ് ജെഡി വാൻസ്. അടച്ചിട്ട മുറിയിൽ നടന്ന ചർച്ചകളിൽ വാൻസ് യുദ്ധവുമായി ബന്ധപ്പെട്ട അമേരിക്കൻ അവകാശവാദങ്ങളെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ.
എട്ട് ആഴ്ച പിന്നിട്ട യുദ്ധത്തിൽ അമേരിക്കൻ സൈന്യം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും, ഇറാന്റെ വ്യോമസേനയ്ക്കും നാവികസേനയ്ക്കും കനത്ത പ്രഹരമേൽപ്പിച്ചുവെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്നും അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ ആയുധശേഖരം സുരക്ഷിതമാണെന്നും ഇവർ വാദിക്കുന്നു.
ട്രംപിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന യുദ്ധത്തിന്റെ മനോഹര ചിത്രം സത്യമാണോ എന്നും, അമേരിക്കയുടെ മിസൈൽ ശേഖരത്തിലുണ്ടായ വൻ കുറവ് പെന്റഗൺ മറച്ചുവെക്കുകയാണോ എന്നും വാൻസ് ചോദിച്ചതായാണ് വിവരം. പെന്റഗൺ നൽകുന്ന വിവരങ്ങളുടെ കൃത്യതയെക്കുറിച്ച് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചതായും മിസൈൽ സംവിധാനങ്ങളുടെ കുറവിൽ ആശങ്ക പ്രകടിപ്പിച്ചതായും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി അറ്റ്ലാന്റിക്’ റിപ്പോർട്ട് ചെയ്യുന്നു.
ആയുധശേഖരത്തിലെ ഈ കുറവ് ഭാവിയിൽ ചൈന, ഉത്തരാഫ്രിക്ക, അല്ലെങ്കിൽ റഷ്യ എന്നിവയുമായുള്ള തർക്കങ്ങളിൽ തിരിച്ചടിയുണ്ടാക്കുമെന്ന് വാൻസ് ഭയപ്പെടുന്നു. ഹെഗ്സെത്തോ കെയ്നോ പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് നേരിട്ട് ആരോപിക്കാതെ, തന്റെ വ്യക്തിപരമായ ആശങ്കകളായാണ് വാൻസ് ഇത് അവതരിപ്പിച്ചത്.
വാൻസ് പരസ്യമായി ഹെഗ്സെത്തിനെ പ്രശംസിക്കുകയും അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നുണ്ട്. എങ്കിലും, ട്രംപിന് കേൾക്കാൻ താല്പര്യമുള്ള കാര്യങ്ങൾ മാത്രം പെന്റഗൺ തലവൻ പറയുന്നുവെന്നാണ് വാൻസിന്റെ വിശ്വസ്തരുടെ പക്ഷം. യുദ്ധത്തെക്കുറിച്ചുള്ള വാൻസിന്റെ കാഴ്ചപ്പാട്ഹെഗ്സെത്തിന്റെ അവകാശവാദങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ സൈന്യം തകർന്നുവെന്നും വ്യോമാതിർത്തി പൂർണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും ഹെഗ്സെത്ത് അവകാശപ്പെടുമ്പോൾ, ഇറാന്റെ വ്യോമസേനയുടെ മൂന്നിൽ രണ്ട് ഭാഗവും മിസൈൽ വിക്ഷേപണ ശേഷിയും ഇപ്പോഴും സുരക്ഷിതമാണെന്നാണ് ഔദ്യോഗിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ഹോർമുസ് കടലിടുക്കിൽ ഗതാഗതം തടസ്സപ്പെടുത്താൻ ശേഷിയുള്ള ചെറുകപ്പലുകളും ഇറാന്റെ പക്കലുണ്ട്. അമേരിക്കയുടെ പ്രധാന ആയുധശേഖരത്തിന്റെ പകുതിയിലധികവും ഇതിനോടകം തന്നെ ചെലവഴിച്ചു കഴിഞ്ഞുവെന്ന് പ്രമുഖ തിങ്ക് ടാങ്ക് ആയ സിഎസ്ഐഎസ് വിലയിരുത്തുന്നു.
വാൻസ് യുദ്ധത്തെ ചോദ്യം ചെയ്യുന്നത് ഇതാദ്യമായല്ല. അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആഭ്യന്തര വിഭവങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാദം.






