
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ലോഡ്ഷെഡ്ഡിംഗ് ഇല്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായത് പവര്‍കട്ട് അല്ലെന്നും അധിക ഉപയോഗം മൂലം ട്രിപ്പായി പോകുന്നതാണെന്നും പറഞ്ഞു.
ലോഡ് ഷെഡിങ് ആയിരുന്നില്ല, ട്രിപ്പിങ് കാരണമായിരുന്നു ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയത് എന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ കട്ട് പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും അപ്രതീക്ഷിതമായി ഉണ്ടായ ഉഷ്ണതരംഗമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നും കാലാവസ്ഥയില്‍ വന്ന മാറ്റവും ഇലക്ട്രിക് വാഹനങ്ങള്‍ പെരുകിയതും തിരിച്ചടിയായയെന്നും പറഞ്ഞു.
വൈദ്യൂതി വകുപ്പ് പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നുള്ള വാദം ശരിയല്ലെന്നും മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിച്ചെന്നും വൈദ്യൂതി ഉല്‍പ്പാദനം കൂട്ടിയിട്ടുണ്ടെന്നും പറഞ്ഞു. പ്രതിസന്ധി സമയത്ത് വേഗത്തില്‍ തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പരോക്ഷവിമര്‍ശനം നടത്തി. 70 ശതമാനവും വൈദ്യതി നമ്മള് പുറത്തുനിന്നാണ് വാങ്ങുന്നത്. പല ജലവൈദ്യുത പദ്ധതികളും പരിസ്ഥിതിവാദികള്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് നിന്നുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






