
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷം മൂന്നാം തവണയും രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. ഇത്തവണ സിലിണ്ടർ ഒന്നിന് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇത് ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയും വിലവർദ്ധന ഉണ്ടാകുന്നത്.
കുത്തനെ വില വർദ്ധിപ്പിച്ചതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമായി.
ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചിട്ടില്ല. ഇന്ധന വില വർദ്ധിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നിട്ടു കൂടി അത് ഉണ്ടാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് പല രാജ്യങ്ങളും ഇന്ധന വില വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, രാജ്യത്ത് വിമാന ഇന്ധന വില വർദ്ധിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതും വില വർദ്ധിക്കുന്നതും ഹോട്ടൽ, ബേക്കറി വ്യവസായായങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അപ്രഖ്യാപിത വില വർദ്ധന ഉണ്ടാകുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാവുന്നുമുണ്ട്.
നഗര പ്രദേശങ്ങളിൽ ഗാർഹിക സിലിണ്ടറുകൾ ഇനി മുതൽ 25 ദിവസത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. സിലിണ്ടർ കൈപ്പറ്റുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈലിൽ വരുന്ന ഒടിപി വിതരണക്കാർക്ക് നൽകേണ്ടത് കർശനമാക്കിയിട്ടുണ്ട്.






