
ന്യൂഡൽഹി: ‘ചോട്ടു’ സിലിണ്ടർ എന്ന് അറിയപ്പെടുന്ന മിനി പാചകവാതക സിലിണ്ടറുകൾക്കും വില കുത്തനെ വർദ്ധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 261 രൂപയാണ് വർദ്ധിപ്പിച്ചത്. ചെറുകിട കച്ചവടക്കാരെയും തട്ടുകടക്കാരെയുമായിരിക്കും ഇത് പ്രതികൂലമായി ബാധിക്കുക.
രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോ പാചകവാതക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ (14.2 കിലോ) വില മാറ്റമില്ലാതെ തുടരുന്നു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുമാണ് പാചകവാതക വില ഉയരാൻ പ്രധാന കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. മിനി സിലിണ്ടറുകളുടെയും വാണിജ്യ സിലിണ്ടറുകളുടെയും വില വർധിക്കുന്നത് ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണസാധനങ്ങളുടെ വില കൂടാൻ ഇടയാക്കും. ഹോസ്റ്റലുകൾ, കാന്റീനുകൾ തുടങ്ങിയവയുടെ ദൈനംദിന ചെലവിനെയും ഇത് ബാധിച്ചേക്കാം.






