
ന്യൂഡൽഹി: വോട്ടെടുപ്പിനു പിന്നാലെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഇൻഫ്ലേഷൻ മാൻ’ (വിലക്കയറ്റത്തിന്റെ ആൾ) എന്ന് പരിഹസിച്ചാണ് കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിലുടെ പ്രതികരിച്ചത്.
കഴിഞ്ഞ 4 മാസത്തിനുള്ളിൽ വാണിജ്യ സിലിണ്ടറുകൾക്ക് ആകെ 1,518 രൂപ വർദ്ധിപ്പിച്ചുവെന്ന് അവർ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ "അച്ഛേ ദിൻ" വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട്, അദ്ദേഹം ജനങ്ങളെ വിലക്കയറ്റം കൊണ്ട് വീർപ്പുമുട്ടിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനുള്ള "റിട്ടേൺ ഗിഫ്റ്റ്"ആണ് വിലക്കയറ്റമെന്ന് ആം ആദ്മി പാർട്ടി പ്രതികരിക്കുന്നു. വോട്ടെടുപ്പ് ഏപ്രിൽ 29-ന് അവസാനിച്ചതിന് തൊട്ടുപിന്നാലെ മേയ് ഒന്നിന് വില കൂട്ടിയത് ബോധപൂർവമാണെന്ന് പാർട്ടി നേതാവ് അതിഷി ആരോപിച്ചു. ജനങ്ങൾ വോട്ട് ചെയ്തതിന് ബിജെപി നൽകുന്ന "റിട്ടേൺ ഗിഫ്റ്റ്" ആണിതെന്ന് അവർ പറഞ്ഞു.
വാണിജ്യ സിലിണ്ടറുകളുടെ വില 3000 രൂപ കടന്നത് ഹോട്ടലുകൾ, തട്ടുകടകൾ, മറ്റ് ചെറുകിട ഭക്ഷണശാലകൾ എന്നിവയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇത് ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമാകുമെന്നും സാധാരണക്കാരനെയാണ് ഇത് ആത്യന്തികമായി ബാധിക്കുകയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യസഭാ എംപി പ്രമോദ് തിവാരി പ്രധാനമന്ത്രിയെ "പ്രൈസ് ഹൈക്ക് മാൻ" എന്നാണ് വിശേഷിപ്പിച്ചത്. മിസൈലുകളേക്കാൾ വേഗത്തിലാണ് മോദി സർക്കാരിന് കീഴിൽ വിലക്കയറ്റം കുതിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ഏപ്രിൽ 29 വരെ കാത്തിരുന്നത് എന്തിനാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് എന്തുകൊണ്ട് തീരുമാനമെടുത്തില്ല എന്നും പ്രതിപക്ഷ കക്ഷികൾ ചോദിക്കുന്നു.






