
കൊച്ചി: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനായി സ്ട്രോംഗ്റൂമുകള്‍ തുറന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പോസ്റ്റല്‍വോട്ടുകള്‍ ആദ്യം എണ്ണും. അതിന് ശേഷമായിരിക്കും വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങുക. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് 12 മണിയോടെ ഏകദേശം വിവരങ്ങള്‍ അറിയാനാകും.
സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത് ചിത്രീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വിലയിരുത്തപ്പെടുന്നത്.
രാവിലെ ഏഴോടെ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂമുകള്‍ തുറക്കും. ഇത് വീഡിയോയില്‍ ചിത്രീകരിക്കും. എട്ടിന് പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണിത്തുടങ്ങും. 500 പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് ഒരു ടേബിള്‍ എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്‍പതോടെ കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ഫലത്തിന്റെ ആദ്യ സൂചനകള്‍ വന്നുതുടങ്ങും. പതിനൊന്ന് മണിയോടെ കേരളത്തിന്റെ അടുത്ത ഭരണം ആര്‍ക്കെന്നതിന്റെ ഏകദേശ ചിത്രം തെളിയുമെന്നാണ് കമ്മിഷന് വ്യക്തമാക്കുന്നത്.
ഓരോ നിയോജക മണ്ഡലത്തിനും ഏഴു മുതല്‍ 14 വരെ കൗണ്ടിങ് ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ റൗണ്ടിലും പരമാവധി 14 ബൂത്തുകളിലെ വോട്ടുകള്‍ വരെ എണ്ണാന്‍ സാധിക്കും. ഒരു വോട്ടിങ് മെഷീനിലെ ഫലം അറിയാന്‍ അഞ്ചു മുതല്‍ എട്ടു മിനിറ്റ് വരെയാണു കണക്കാക്കുന്നത്. ഇ.വി.എമ്മിലെ വോട്ടുകളും പോളിങ് ദിവസം രേഖപ്പെടുത്തിയ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി പരിശോധിക്കും. സുതാര്യത ഉറപ്പാക്കാന്‍ ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണും.






