
തിരുവനന്തപുരം: ഇടത് കോട്ടകൾ തകർത്തെറിഞ്ഞ് യുഡിഎഫ് നടത്തിയ മുന്നേറ്റം സിപിഎം എന്ന പാർട്ടിയെ തന്നെ അപ്രസക്തമാക്കുന്നു. ഈ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിൽ നിന്ന് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പാർട്ടി ‘പുറത്ത് കടക്കുക’യാണ്.
കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് സിപിഎമ്മിന് രാജ്യത്ത് ഒരു സംസ്ഥാനത്തും ഭരണം ലഭിക്കാതിരിക്കുന്നത്. നേരത്തെ പശ്ചിമബംഗാൾ എന്ന ചുവപ്പു കോട്ടയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ത്രിപുരയെയും കേരളത്തെയും ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടി മുഖം രക്ഷിച്ചത്. എന്നാൽ, പിന്നീട് ത്രിപുരയും ഇപ്പോൾ കേരളവും പാർട്ടിക്ക് നഷ്ടമായി. ഇതോടെ, സിപിഎം രാജ്യത്ത് ഒരിടത്തും ഭരണമില്ലാത്ത അപ്രസക്ത കക്ഷിയായി മാറിയിരിക്കുന്നു.
കേരളത്തിൽ കഴിഞ്ഞ 10 വർഷങ്ങളായി ഭരണത്തിലിരുന്ന പാർട്ടിക്ക് വീണ്ടും അധികാരത്തിലെത്താനാവുമെന്ന് കരുതിയിരുന്നു. വികസനത്തിന്റെ രാഷ്ട്രീയ കണക്കുകൾ നിരത്തി ജനവിധി തേടാൻ പാർട്ടിയും മുന്നണിയും ശ്രമിച്ചപ്പോഴും ജനങ്ങളും ജനവികാരവും അകലെയായിരുന്നു എന്നാണ് ഈ ജനവിധി തെളിയിക്കുന്നത്.






