
കൊച്ചി: കേരളം ആകാംഷയോടെ കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിമതര്‍ സിപിഐഎമ്മിനെ പാഠം പഠിപ്പിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ മത്സരിച്ച നാലു പേരില്‍ മൂന്ന് പേരും മുന്നിലാണ്. ഇതില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തുന്നത് പയ്യന്നൂരിലെ മുന്‍ സിപിഐഎം ജില്ലാക്കമ്മറ്റിയംഗം വി. കുഞ്ഞികൃഷ്ണനായിരുന്നു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്ക് എതിരേ അഴിമതിയാരോപണം ഉന്നയിച്ചായിരുന്നു ജില്ലാക്കമ്മറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന് പുറത്തുവന്നത്. എന്നാല്‍ പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് നടത്തിയ ആക്ഷേപം വോട്ടര്‍മാര്‍ ഏറ്റെടുത്തെന്ന് വ്യക്തമാക്കുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ടി.ഐ. മധുസൂദനനെതിരേ 4751 വോട്ടുകള്‍ക്കാണ് വി. കുഞ്ഞികൃഷ്ണന് മുന്നില്‍ നില്‍ക്കുന്നത്.
പാര്‍ട്ടിയിലെ സ്വജനപക്ഷ പാതത്തിനെതിരേ ആരോപണം ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ടി.കെ. ഗോവിന്ദന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും പാര്‍ട്ടി പ്രവര്‍ത്തകയുമായ പി.കെ. ശ്യാമളയ്ക്ക് സീറ്റ് നല്‍കിയതിനെതിരേ രംഗത്ത് വന്നയാളാണ്. പിന്നീട് യുഡിഎഫ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ടി.കെ. ഗോവിന്ദന് 8,969 വോട്ടുകള്‍ നേടി മുന്നില്‍ എത്തിയിരിക്കുകയാണ്.
അമ്പലപ്പുഴയിലെ ജി സുധാകരനായിരുന്നു അവസാനമായി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി എതിര്‍പക്ഷത്ത് നിന്നും മത്സരിച്ചത്. പാര്‍ട്ടിയിലെ ക്രിമിനല്‍ വല്‍ക്കരണം എന്നാരോപിച്ച് പാര്‍ട്ടി വിട്ട് പുറത്തുവന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയായിരുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരേ മുന്നേറുകയാണ് ജി. സുധാകരന്.
കൊട്ടാരക്കരയില്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ എത്തിയ അയിഷാപോറ്റിയും മുന്നിലാണ്. സംസ്ഥാനത്തിന്റെ ധനമന്ത്രി ബാലഗോപാലിനെ മറികടന്ന് 245 വോട്ടിനാണ് അയിഷാപോറ്റി മുന്നിലെത്തിയത്. ഒറ്റപ്പാലത്ത് മാത്രമായിരുന്നു സിപിഐഎമ്മിന് തിരിച്ചടി ഉണ്ടാകാതിരുന്നത്. പാര്‍ട്ടിവിട്ട പി. ശശി സിപിഐഎമ്മിന്റെ കെ. പ്രേംകുമാറിനോട് 27,122 വോട്ടുകള്‍ക്ക് പിന്നിലായിരിക്കുകയാണ്.






