
ന്യൂഡൽഹി: രാജിയില്ല എന്ന മമത ബാനർജിയുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി രംഗത്ത്. മമത സ്ഥാനമൊഴിയാൻ തയ്യാറാകുന്നില്ല എങ്കിൽ ഗവർണർക്ക് പൊലീസ് സേനയെ ഉപയോഗിച്ച് അവരെ പുറത്താക്കാൻ സാധിക്കുമെന്ന് ജഠ്മലാനി പറഞ്ഞു.
അവരുടെ പെരുമാറ്റം ക്ഷമിക്കാനാവാത്തതാണെന്നും അത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും ജഠ്മലാനി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞാൽ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാൻ അർഹയല്ല. ഇപ്പോൾ അവർ ജനാധിപത്യത്തെ അപമാനിക്കുകയാണ്. അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാന്യമായി രാജിവെക്കുന്നതിന് പകരം ഈ നിലപാടാണ് അവർ സ്വീകരിച്ചത് എന്നതിൽ സന്തോഷമുണ്ട്. ഇത് ഗവർണർക്ക് അവരെ പുറത്താക്കാൻ അവസരം നൽകുന്നു. ഗവർണറുടെ താല്പര്യപ്രകാരമാണ് ഒരു മുഖ്യമന്ത്രി ആ പദവിയിൽ ഇരിക്കുന്നത്. അതിനാൽ ഗവർണർക്ക് അവരെ ഔദ്യോഗികമായി പുറത്താക്കാം.തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതൽ അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ചു കടന്ന ഒരാളെപ്പോലെയാണ് എന്നും ജഠ്മലാനി പറയുന്നു.
മെയ് ഏഴിന് നിലവിലെ അസംബ്ലിയുടെ കാലാവധി അവസാനിക്കും. കാലാവധി കഴിയുന്നതോടെ സാങ്കേതികമായി ഗവർണർക്ക് മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഭരണഘടന നൽകുന്നുണ്ട്.






