
മോസ്കോ: വധശ്രമങ്ങളെയും ഡ്രോൺ ആക്രമണങ്ങളെയും ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ദീർഘകാലമായി ഭൂഗർഭ ബങ്കറുകളിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ. നീണ്ടുപോകുന്ന ഉക്രൈൻ യുദ്ധവും രാജ്യത്തിനുള്ളിൽ വർദ്ധിച്ചു വരുന്ന ജനരോഷവുമാണ് പുടിന്റെ സുരക്ഷ ശക്തമാക്കാൻ കാരണം. ഇത് ഒരു അട്ടിമറിക്ക് സാധ്യതയുണ്ടാക്കുന്നു എന്നും സുരക്ഷാ ഏജൻസികൾ കരുതുന്നു.
കോവിഡ് കാലം മുതൽ ആരംഭിച്ച അദ്ദേഹത്തിന്റെ ഒറ്റപ്പെടൽ ഇപ്പോൾ അതീവ സുരക്ഷാ മുൻകരുതലുകളിലേക്ക് മാറിയിരിക്കുന്നു. ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസ് പുടിന്റെ സുരക്ഷയിൽ വൻ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മോസ്കോയിലോ വൽദായിലയോ ഉള്ള തന്റെ സ്ഥിരം വസതികളിൽ പുടിൻ ഇപ്പോൾ താമസിക്കുന്നില്ല. പകരം, ദക്ഷിണ റഷ്യയിലെ ക്രാസ്നോഡർ മേഖലയിലുള്ള ബങ്കറുകളിലിരുന്നാണ് അദ്ദേഹം യുദ്ധകാര്യങ്ങൾ നിയന്ത്രിക്കുന്നത്.
പുടിൻ പൊതുവേദികളിൽ വരുന്നത് കുറഞ്ഞതായും, അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന പല വീഡിയോകളും മുൻകൂട്ടി റെക്കോർഡ് ചെയ്തവയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുടിന്റെ സുരക്ഷാ വലയത്തിലുള്ള പാചകക്കാർ, ഫോട്ടോഗ്രാഫർമാർ, അംഗരക്ഷകർ എന്നിവർക്ക് പൊതുഗതാഗതം ഉപയോഗിക്കുന്നതിനോ ഫോണുകൾ കൈവശം വെക്കുന്നതിനോ അനുമതിയില്ല. ഇവരുടെ വീടുകളിൽ പോലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിനായി മോസ്കോയിൽ പലപ്പോഴും ഇന്റർനെറ്റ് വിച്ഛേദിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, റഷ്യയിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾക്കും പുതിയ നികുതികൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സുരക്ഷാ ഏജൻസികളുടെ വാക്കുകൾ മാത്രം കേൾക്കുന്ന പുടിൻ, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിന്ന് പൂർണ്ണമായും അകന്നിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. താൻ സുരക്ഷിതനാണെന്ന് കാണിക്കാൻ അദ്ദേഹം ഇടയ്ക്കിടെ ചില പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, തന്റെ ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്.






