
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി പരാജയപ്പെട്ടതു ജനവിധിമൂലമല്ല, മറിച്ച് ഗൂഢാലോചനയുടെ ഫലമായാണെന്നും അതിനാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
'തെരഞ്ഞെടുപ്പ് നീതിപൂര്‍വമായല്ല നടന്നത്. ബി.ജെ.പി. അനാവശ്യമായി ഇടപെട്ടു. കേന്ദ്രസേനയെ ഉപയോഗിച്ച് ബലമായി തെരഞ്ഞെടുപ്പ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്യുകയും രാഷ്ട്രീയ പോരാട്ടം തുടരുകയും ചെയ്യും.'-മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടുവകളെപ്പോലെ പോരാടി ഞങ്ങള്‍ ശക്തമായി തിരിച്ചുവരും. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ആശങ്കാജനകമാണ്. ഞങ്ങളുടെ പാര്‍ട്ടിയുടെ പോരാട്ടം ബി.ജെ.പിയുമായി മാത്രമായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷനോടും പോരാടേണ്ടി വന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നടപടിയെടുക്കും. പക്ഷേ തന്ത്രം രഹസ്യമാണ്. ഇപ്പോള്‍ വെളിപ്പെടുത്തില്ല. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭയന്നു ബി.ജെ.പിയില്‍ ചേരുന്നതു പ്രശ്നമാക്കുന്നില്ല. അവരുടെ സുരക്ഷയ്ക്കു വേണ്ടിയാകാം അത്.'-മമത പറഞ്ഞു.
തനിക്കു പിന്തുണ തന്ന ഇന്ത്യ ബ്ലോക്ക് നേതാക്കള്‍ക്കു നന്ദി പറയുന്നതായും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും മമത അറിയിച്ചു. 'എല്ലാ ഇന്ത്യന്‍ ബ്ലോക്ക് നേതാക്കളോടും നന്ദിയുണ്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, ഹേമന്ത് സോറന്, തേജസ്വി യാദവ് എന്നിവരും മറ്റ് നേതാക്കള്‍ എന്നിവര്‍ എന്നെ വിളിച്ചു. അഖിലേഷ് ഇന്ന് എന്നെ കാണാന്‍ വരും. ഇപ്പോള്‍ എന്റെ ലക്ഷ്യം വ്യക്തമാണ്. ഞാന്‍ സ്വതന്ത്രയാണ്.'-മമത പറഞ്ഞു. അധികാരം ശാശ്വതമല്ലെന്നും അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ചരിത്രം ആവര്‍ത്തിക്കാമെന്നും അവര്‍ ബി.ജെ.പിക്കു മുന്നറിയിപ്പ് നല്കി. രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്പേയി, ഡോ. മന്മോഹന് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളെ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം 'ക്രൂരതകള്‍' ഒരിക്കലും കണ്ടിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഒന്നര പതിറ്റാണ്ടായുള്ള തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ച് ബംഗാള്‍ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള 294 സീറ്റില്‍ 207 എണ്ണം ബി.ജെ.പി നേടിയപ്പോള്‍ തൃണമൂലിന് നേടാനായത് 80 സീറ്റുകള്‍ മാത്രം. സ്വന്തം മണ്ഡലമായ ഭവാനിപുരില്‍ 15,114 വോട്ടിന് ബി.ജെ.പിയിലെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു.






