
കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പശ്ചിമബംഗാളിലുടനീളം സംഘർഷം നിലനിൽക്കുകയാണ്. സംസ്ഥാനത്ത് വൻ ഭൂരിപക്ഷം ലഭിച്ച ബിജെപി ബുൾഡോസർ ഉപയോഗിച്ച് ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ചൊവ്വാഴ്ച രാത്രി സാമൂഹിക മാധ്യമത്തിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് പാർട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബിജെപിയുടെ 'പരിബർത്തൻ' (മാറ്റം) എന്ന മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ട്, മാറ്റം എത്തിയിരിക്കുന്നത് ബുൾഡോസറുമായാണെന്ന് ടിഎംസി പറഞ്ഞു. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് പരിസരത്തും ടിഎംസി പാർട്ടി ഓഫീസിലും ബിജെപി പ്രവർത്തകരും അനുയായികളും ബുൾഡോസർ ഉപയോഗിച്ച് അക്രമം നടത്തിയെന്ന് അവകാശപ്പെട്ട് ചൊവ്വാഴ്ച രാത്രി ടിഎംസി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചു. വലിയ ആരവങ്ങൾക്കും സംഗീതത്തിനുമിടയിൽ, ഒരു ബുൾഡോസർ കട തകർക്കുന്നതും ആൾക്കൂട്ടം അതിന് ചുറ്റും നിൽക്കുന്നതും വീഡിയോയിൽ കാണാം.
ഇന്ന് കടകൾക്ക് നേരെയാണ് അക്രമമെങ്കിൽ നാളെ അത് രാഷ്ട്രീയ എതിരാളികൾക്കും ബംഗാളിന്റെ പ്രതീകങ്ങൾക്കും നേരെയാകുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. ബിജെപിയുടെ ബുൾഡോസർ രാഷ്ട്രീയത്തെ പ്രതിരോധ മതിൽകെട്ടി തടയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തങ്ങളുടെ പ്രവർത്തകർക്ക് അക്രമം അഴിച്ചുവിടാൻ ലൈസൻസ് നൽകിയിരിക്കുകയാണെന്നും ടിഎംസി കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റുകളിൽ 207 സീറ്റുകൾ നേടി ബിജെപി ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് നേടാനായത്. സുവേന്ദു അധികാരിയോട് പരാജയപ്പെട്ടെങ്കിലും, താനും പാർട്ടിയും തോറ്റിട്ടില്ലെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത ബാനർജി വിസമ്മതിച്ചു.






