
തിരുവനന്തപുരം: വീണ പടുകുഴിയില്‍ നിന്നും കരകയറുക അത്ര എളുപ്പമല്ലെന്ന് സി.പി.എമ്മിനുള്ളില്‍ വിലയിരുത്തല്‍. 2011ല്‍ പശ്ചിമബംഗാളില്‍ സംഭവിച്ചതിനു സമാനമായ വീഴ്ചയാണു സംഭവിച്ചിരിക്കുന്നതെന്നും കരകയറുന്നതിന് തുടക്കം മുതല്‍ പാര്‍ട്ടി ഒന്നുകൂടെ കെട്ടിപ്പെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിനെതിരേയുള്ള വികാരം എന്നതിനപ്പുറം സി.പി.എം നേതൃത്വത്തിനോടുള്ള പ്രതിഷേധമാണ് ഈ ഫലത്തിലേയ്ക്ക് നയിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് പ്രാഥമികമായി ഇക്കാര്യങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് ഇതില്‍ നിന്നും കരകയറുന്നതിനുള്ള നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ചകര്‍ ആരംഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. തോല്‍വിക്ക് സി.പി.എമ്മിന്റെ നേതൃത്വത്തിനെതിരേയാണ് ശക്തമായ വിമര്‍ശനം ഉയരുന്നത്. 'പാര്‍ട്ടി ആകെ നിര്‍ജീവമായ അവസ്ഥയിലായിരന്നു. നേതാക്കളുടെയും അണികളുടെയും വികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി,-ഭരണനേതൃത്വങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ജനാധിപത്യകേന്ദ്രീകരണം എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന് പകരം തലപ്പത്തിരിക്കുന്നവരുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനാണ് ശ്രമിച്ചത്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പോലും മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന നടപടികളോ പാര്‍ട്ടി കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങളോ വേണ്ടരീതിയില്‍ വിലയ്ക്കെടുത്തില്ല.- വിമര്‍ശകര്‍ ആരോപിച്ചു.
തളിപ്പറമ്പിലേയും പയ്യന്നൂരിലേയും പരാജയം ഈ അഹങ്കാരത്തിന്റെ ഫലമാണെന്നാണ് പാര്‍ട്ടി അനുഭാവികള്‍ തന്നെ പറയുന്നത്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അത്തരക്കാരെ മാറ്റിനിര്‍ത്തി പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടേയും വിശ്വാസ്യത നേടിയെടുക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. മാത്രമല്ല, പി. ജയരാജന്, കെ.കെ. ശൈലജ, ഡോ: തോമസ് ഐസക്ക് തുടങ്ങിയ നേതാക്കളെ ഇല്ലാതാക്കാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുവെന്ന വികാരവും താഴേത്തട്ടില്‍ ഉണ്ടായിരുന്നു. അതോടൊപ്പം ജി. സുധാകരനു മറ്റും ഉയര്‍ത്തിവിട്ട പരസ്യകലാപവും കൂടിയായപ്പോള്‍ അത് സി.പി.എമ്മിന്റെ അടിത്തറ തോണ്ടുന്ന തരത്തിലായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
2011ല്‍ പശ്ചിമബംഗാളില്‍ സംഭവിച്ചതിന് സമാനമായ പരാജയമായാണ് ഇതിനെ പാര്‍ട്ടിയിലെ ഒരുവിഭാഗം വിലയിരുത്തുന്നത്. അന്ന് അവിടെ തറപറ്റിയശേഷം തിരിച്ചുകയറാന്‍ ഇതുവരെ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. അവിടുത്തേതിന് വിരുദ്ധമായി കേരളത്തില്‍ ഒരു രണ്ടാംനേതൃനിരയുള്ളതുകൊണ്ട് ഒരുപക്ഷേ ഈ പരാജയത്തെ മറികടക്കാന്‍ കഴിഞ്ഞേയ്ക്കും. എന്നാലും ശക്തമായ വിഭാഗീയതയുടെ കാലത്തും, എം.വി രാഘവനേയും കെ.ആര്. ഗൗരിയമ്മയേയും പോലുള്ളവര്‍ പാര്‍ട്ടി വിട്ടപ്പോള്‍ പോലും ഇളകാതെ നിന്ന പാര്‍ട്ടികോട്ടകള്‍ തകര്‍ന്നതാണ് സി.പി.എമ്മിനെ വല്ലാതെ വലയ്ക്കുന്നത്. ഇത് മറികടക്കാന്‍ എന്തുവേണമെന്ന ചിന്ത ശക്തമായിട്ടുണ്ട്.
നേതൃത്വം ദുര്‍ബലമായതോടെ പാര്‍ട്ടിയുടെ കീഴഘടകങ്ങള് പൂര്‍ണമായും നിശ്ചലമായി എന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിലും മറ്റും ഉള്ളതുപോലെ തങ്ങള്‍ക്ക് താല്പര്യമുള്ള ചിലരെ പ്രധാന സ്ഥാനങ്ങളില്‍ ഇരുത്തികൊണ്ട് മുന്നോട്ടുപോകുകയായിരുന്നു. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതൊക്കെ മറികടക്കാനായി, ബ്രാഞ്ചുകള്‍ മുതലുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം നേതൃത്വം മനസിലാക്കുന്നതിനുള്ള നടപടികളാണ് എത്രയും വേഗം ആരംഭിക്കേണ്ടത്. അതോടൊപ്പം പാര്‍ട്ടി അണികളില്‍ നല്ലൊരുവിഭാഗം അരാഷ്ട്രീയവല്ക്കരണത്തിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. അവര്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം നല്‍കുക എന്നതാണ് ആദ്യമായി നടപ്പാക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.






